പ്രകാശ് ബാദലിനെതിരേ മത്സരിക്കാന്‍ അവസരം തേടി അമരീന്ദര്‍ സിങ്
അമൃത്‌സര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കു പ്രവേശിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ അണിയറ നീക്കങ്ങള്‍ സജീവമാകുന്നു. കോണ്‍ഗ്രസ് പഞ്ചാബ് ഘടകം പ്രസിഡന്റ് അമരീന്ദര്‍ സിങ് നിലവിലെ മുഖ്യമന്ത്രി പ്രകാശ് ബാദലിനെതിരേ മത്സരിക്കാന്‍ അവസരം തേടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചു. ബാദലിന്റെ മണ്ഡലമായ ലംബിയില്‍നിന്നു ജനവിധി തേടാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
പാര്‍ട്ടിയുടെ പരമ്പരാഗത മണ്ഡലമായ പാട്യാലയില്‍ അമരീന്ദര്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പഞ്ചാബിന്റെ തകര്‍ച്ചക്ക് പ്രധാന കാരണക്കാരനെന്ന് അമരീന്ദര്‍ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ബാദലിനെ മത്സരിപ്പിച്ചു പരാജയപ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.
സംസ്ഥാനത്തെ ഗുണ്ടാരാജില്‍നിന്നും മയക്കുമരുന്ന്, മാഫിയാ ഭരണത്തില്‍നിന്നും മോചിപ്പിക്കാനാണു താന്‍ ബാദലിനെതിരേ തന്നെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അമരീന്ദര്‍ പറഞ്ഞു. പാര്‍ട്ടിയില്‍നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി അകാലിദള്‍-ബി.ജെ.പി സഖ്യത്തിനു വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആകെ 117 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."