ഒരേ സമയം മൂന്നിടത്തു തീപിടിത്തം; അഗ്നിരക്ഷാ സേന വലഞ്ഞു
കാഞ്ഞങ്ങാട്: ഒരേ സമയം മൂന്നിടത്തു തീപിടിത്തമുണ്ടായത് അഗ്നിരക്ഷാ സേനയെ വലച്ചു. ഇന്നലെ സന്ധ്യയോടെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ബീവറേജിന് സമീപത്തും പൂച്ചക്കാട് വയലിലും ബേക്കല്‍ തൃക്കണ്ണാട് വിഷ്ണു മഠത്തിന് സമീപത്തെ സ്വകാര്യ പറമ്പിലുമാണു തീപിടിത്തമുണ്ടായത്. പുതിയകോട്ടയിലെ മദ്യ വില്‍പന ശാലയ്ക്കു മുന്നില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് സന്ധ്യയോടെ ആദ്യം തീപിടിച്ചത്. സിഗരറ്റ് കുറ്റിയില്‍ നിന്നാണ് ഇവിടെ തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നതായി അഗ്നിരക്ഷാ നിലയം ഓഫിസര്‍ പറഞ്ഞു. ഇതു നിയന്ത്രിക്കുന്നതിനിടയിലാണ് പൂച്ചക്കാട്ടും തൃക്കണ്ണാടിലും തീപിടിത്തമുണ്ടായത്.
തൃക്കണ്ണാട് വിഷ്ണു മഠത്തിനു സമീപമുണ്ടായ തീപിടിത്തത്തില്‍ ഇവിടെയുണ്ടായിരുന്ന വീടു കത്തിനശിച്ചു. ഇവിടെ ആള്‍ താമസമില്ലാത്തതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. അരയേക്കറോളം സ്ഥലത്തെ പുല്‍ക്കാടുകളും കത്തി നശിച്ചു. പൂച്ചക്കാട് വയലില്‍ ഉണ്ടായ തീപിടിത്തവും അഗ്നിരക്ഷാ സേന നിയന്ത്രിച്ചു.
ഒരേ സമയം മൂന്നു സ്ഥലത്തുണ്ടായ തീപിടിത്തം നിയന്ത്രിക്കാന്‍ കാഞ്ഞങ്ങാട്ടെ അഗ്‌നിരക്ഷാ സേന നന്നേ പണിപ്പെട്ടു.രണ്ടു വാഹനങ്ങള്‍ മാത്രമാണ് ഇവിടെ ഉള്ളത്. ലീഡിങ് ഫയര്‍മാന്‍ വി.എസ്.വേണുഗോപാലന്‍, ഫയര്‍മാന്മാരായ സന്തോഷ്, ദിലീപ്, പ്രിയേഷ്, ലതീഷ്, ഹോം ഗാര്‍ഡുമാരായ നാരായണന്‍,പ്രഭാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മണിക്കൂറുകളോളം പണിപ്പെട്ടു തീ നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."