HOME
DETAILS

പാകിസ്താനിലേക്കുള്ള തീവണ്ടി

  
backup
January 15 2017 | 09:01 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%a4%e0%b5%80%e0%b4%b5

കോഴിക്കോട് - അജ്മീര്‍

 

മരുസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
ദൂരം- 2362 കിലോമീറ്റര്‍
യാത്രാദൈര്‍ഘ്യം- 41 മണിക്കൂര്‍
സ്ലീപ്പര്‍ ടിക്കറ്റ് വില- 805

 

രാത്രി 12 മണിയോടെ കോഴിക്കോട്ടെത്തിയ മരുസാഗര്‍ എക്‌സ്പ്രസ് ഞങ്ങളെയും കൊണ്ട് കുതിപ്പു തുടര്‍ന്നു. അവ്യക്തമായി കാണുന്ന വെട്ടങ്ങളല്ലാതെ കാഴ്ചകള്‍ ഒന്നുമില്ലാത്ത രാത്രിയാത്ര. പിറ്റേന്ന് ഉണര്‍ന്നത് കൊങ്കണില്‍. ദക്ഷിണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്കു വലിച്ചിട്ട കുറുക്കുപാലമാണ് കൊങ്കണ്‍. പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ കൊങ്കണിലൂടെയുള്ള യാത്ര വിവരണാതീതം. ഗുഹാമുഖം പോലെ എണ്ണമറ്റ ടണലുകള്‍ പര്‍വതങ്ങളെ തുരക്കുന്നു. 760 കിലോമീറ്ററുള്ള കൊങ്കണില്‍ 1798 പാലങ്ങളും 88 ടണലുകളുമുണ്ട്. പുഴകള്‍, കായലുകള്‍, കൃഷിയിടങ്ങള്‍, ചതുപ്പുകള്‍. പ്രകൃതിയെ എങ്ങനെ മെരുക്കിയെടുക്കാം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കൊങ്കണ്‍. മഹാരാഷ്ട്ര വരെ കേരളത്തിന്റേതിനു സമാനമായ ഭൂപ്രകൃതി. മുംബൈ വരെ തീരത്തോട് മുട്ടിയുരുമ്മിയാണു യാത്ര. രാത്രിയുടെ ഇരുട്ടില്‍ മുംബൈ എവിടെയോ നഷ്ടപ്പെട്ടു.  ഉണരുമ്പോള്‍ വഡോദര. ഗുജറാത്തും കടന്നു രാജസ്ഥാന്റെ മണ്ണിലൂടെ മരുസാഗര്‍ കുതിച്ചു. തണുപ്പിന്റെ കാഠിന്യം തെല്ലൊന്നുലച്ചു. കൊങ്കണ്‍ തീരത്തേക്കാള്‍ രമണീയത രാജസ്ഥാന്‍ കൃഷിയിടങ്ങള്‍ക്കാണ്. പുകയില, ചോളം, ഉള്ളി, മുള്ളങ്കി, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകര്‍, ചാണകം ഉണക്കുന്ന സ്ത്രീകള്‍, നാല്‍ക്കാലിക്കൂട്ടങ്ങള്‍ എങ്ങും പച്ചപ്പ് മാത്രം. കൃഷിയും കാലിവളര്‍ത്തലുമാണ് രാജസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. രണ്ടാം ദിവസം വൈകിട്ട് ആറുമണിയോടെ പുണ്യനഗരമായ അജ്മീറിലെത്തി. പള്ളിപോലെ പണികഴിപ്പിച്ച സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ തന്നെ ഖവ്വാലിയുടെ  ആത്മസുഖവും സൂഫികളുടെ ലാളിത്യവും നമ്മെ സ്വീകരിക്കും.

 

 

അജ്മീര്‍ - ഭഗത് കി കോത്തി

untitled-1

റാണികേത് എക്‌സ്പ്രസ്
ദൂരം- 240 കിലോമീറ്റര്‍
യാത്രാദൈര്‍ഘ്യം- 5 .15 മണിക്കൂര്‍
സ്ലീപ്പര്‍ ടിക്കറ്റ് വില- 175

 

 



അജ്മീറിലെ തിരക്കുള്ള തെരുവിലൂടെ നടക്കുമ്പോള്‍ ഇരുവശത്തും മലയാളം ബോര്‍ഡുകള്‍ വച്ച ഹോട്ടലുകള്‍. സൂഫി സംഗീതത്തിന്റെ താളവും ദര്‍ഗയില്‍ അര്‍പ്പിക്കാന്‍ വച്ച ചുവന്ന റോസാപ്പൂക്കളും. കുര്‍ത്തയും ജുബ്ബയും പര്‍ദയും ധരിച്ച തീര്‍ഥാടകര്‍ നിറഞ്ഞ തെരുവ് അവസാനിക്കുന്നത് ദര്‍ഗാ ശരീഫിന്റെ  നിസാം ഗേറ്റില്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍  അഫ്ഗാനില്‍ നിന്നും അജ്മീറിലെത്തിയ ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി ലോകമെമ്പാടും പിന്തുടര്‍ച്ചക്കാരുള്ള സൂഫിവര്യനാണ്. താരാഗര്‍ഫോര്‍ട്ടും അനാസാഗര്‍ തടാകവും കണ്ട് പിറ്റേന്ന് ഉച്ചയോടെ ഞങ്ങള്‍ അജ്മീര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഇനി ലക്ഷ്യം ജോധ്പൂരിനടുത്ത ഭഗത് കി കോത്തി.


ഉത്തരാഖണ്ഡില്‍ നിന്ന് ജയ്‌സാല്‍മീറിലേക്കു പോകുന്ന റാണികേത് എക്‌സ്പ്രസ് ഒന്നരയോടെയെത്തി. 24 കോച്ചുകളുമായി മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഈ ട്രെയിനില്‍ അധികവും സഞ്ചാരികളാണ്. നാലുമണിയോടെ മര്‍വാറിലെത്തി. കൂടണയാന്‍ പോകുന്ന ആട്ടിന്‍പറ്റത്തെ പിന്നിട്ടു ട്രെയിന്‍ കുതിക്കുന്നു. കുറ്റിച്ചെടികള്‍ നിറഞ്ഞ പ്രദേശം. അങ്ങിങ്ങായി മയിലുകള്‍. പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ ട്രാക്ടറുകളും രാജസ്ഥാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളും മാത്രം,  അഞ്ചരയോടെ ഭഗത് കി കോത്തിയിലെത്തി. തിരക്കു പിടിച്ച സ്റ്റേഷന്‍ പ്രതീക്ഷിച്ച ഞങ്ങള്‍ക്കു തെറ്റി. നമ്മുടെ കൊച്ചുവേളി പോലൊരു സ്റ്റേഷന്‍. നിരവധി ട്രാക്കുകളിലായി ഗുഡ്‌സ് വണ്ടികള്‍ ഉള്‍പ്പടെ പത്തോളം ട്രെയിനുകള്‍, എന്നാല്‍ ആളുകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ജോധ്പൂര്‍ സ്റ്റേഷനിലെ തിരക്കു കുറയ്ക്കാന്‍ റെയില്‍വേ ചെയ്ത തന്ത്രമാണ് ഭഗത് കി കോത്തി എന്ന ഹാള്‍ട്ടിങ് സ്റ്റേഷന്‍. മുണ്ട് പ്രത്യേകരീതിയില്‍ രണ്ടായി കെട്ടി, ജുബ്ബ ധരിച്ച വിവിധ വര്‍ണങ്ങളില്‍ തലപ്പാവണിഞ്ഞ മധ്യവയസ്‌കര്‍, സാരിത്തലപ്പു കൊണ്ട് മുഖംമറച്ച ഒരുപാടു വളകള്‍ അണിഞ്ഞ സ്ത്രീകള്‍. അനുവാദം ചോദിക്കാതെ വന്നൊരു കാറ്റ് ശീതകാലത്തിന്റെ കാഠിന്യം അറിയിച്ചു. പുറത്തു സ്വീകരിക്കാന്‍ എത്തിയത് റിക്ഷക്കാരുടെ കൂട്ടം. തിരക്കേറിയ വീഥികളില്‍ ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ അവന്‍ സ്റ്റേഷനില്‍ നിന്നു 500 മീറ്റര്‍ മാത്രം അകലെയുള്ള കാമധേനു ഇന്‍ ഹോട്ടലിലേക്കു റിക്ഷ തെളിച്ചു.

 

 

ഭഗത് കി കോത്തി - കറാച്ചി

untitled-3

താര്‍ ലിങ്ക് എക്‌സ്പ്രസ്
ദൂരം- 750 കിലോമീറ്റര്‍
യാത്രാദൈര്‍ഘ്യം- 25 മണിക്കൂര്‍
സ്ലീപ്പര്‍ ടിക്കറ്റ് വില- 450

 

ഇനി യാത്ര പാകിസ്താനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലേക്കാണ്. ശനിയാഴ്ചകളില്‍ രാത്രി ഒരുമണിക്ക് ഭഗത് കി കോത്തിയില്‍ നിന്ന് കറാച്ചിയിലേക്കു പുറപ്പെടുന്ന താര്‍ ലിങ്ക് എക്‌സ്പ്രസിനായി ഏറെക്കാലത്തെ കാത്തിരിപ്പിനും എഴുത്തുകുത്തുകള്‍ക്കും ശേഷം കിട്ടിയ വിസയും പാസ്‌പോര്‍ട്ടും സ്വെറ്ററിനുള്ളില്‍ സൂക്ഷിച്ച് കാത്തിരിപ്പു ബെഞ്ചില്‍ വിശ്രമിച്ചു. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിനു 210 രൂപയാണ്. പന്ത്രണ്ടു മണിയോടെ ട്രെയിന്‍ വന്നു.


ബന്ധങ്ങളും കുടുംബങ്ങളും അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമായിപ്പോയ ഒരുപാട് മനുഷ്യര്‍ പ്രിയരിലേക്ക് എത്തുന്ന ഈ വണ്ടിയിലേക്കു നിഗൂഢമായ ആവേശത്തോടെ പാഞ്ഞുകയറുന്നു. ഉറക്കച്ചടവും ക്ഷീണവും ഒരുവശത്ത്, പുതിയൊരു രാജ്യത്തേക്ക് പ്രവേശിക്കാന്‍ പോകുന്നുവെന്ന ഉദ്വേഗം മറുവശത്ത്. ട്രെയിന്‍ ചലിച്ചുതുടങ്ങി. വെളിച്ചം കുറഞ്ഞ കോച്ചില്‍ നിന്നു നോക്കുമ്പോള്‍  നിഴലുകള്‍പോലെ ചലിക്കുന്ന രൂപങ്ങള്‍ മാത്രം പുറത്ത്. അപൂര്‍വമായി വളരെ ദൂരങ്ങളില്‍ മരുഭൂമിയിലെ കുടിലുകളിലെ വെട്ടങ്ങള്‍. എപ്പോഴോ ഉറങ്ങിപ്പോയി, ഉണര്‍ന്നുനോക്കുമ്പോള്‍ മുനബാവോ സ്റ്റേഷന്‍. മണ്‍കുടിലിന്റെ നിറവും രൂപവുമുള്ള പഴയ സ്റ്റേഷന്‍ ട്രെയിനില്‍ നിന്നു നോക്കിയാല്‍ പുറത്തു കാണാം. മരുഭൂമിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഒട്ടകം പോലെ തോന്നിച്ചു ആ കെട്ടിടം.  


ഇന്ത്യ-പാക് യുദ്ധക്കാലത്തു നിലച്ചുപോയ ഈ വഴിയുള്ള ട്രെയിന്‍ 41 വര്‍ഷത്തിനു ശേഷം 2006 ഫെബ്രുവരി 18നാണ്  പുനരാരംഭിച്ചത്. ഇപ്പോള്‍ ഇരുസൈഡുകളിലും കിലോമീറ്ററുകള്‍ നീളത്തില്‍ മുള്‍വേലികെട്ടി സംരക്ഷിക്കുന്ന സ്റ്റേഷനാണു മുനബാവോ. ട്രെയിനില്‍ വരുന്നവര്‍ക്ക് പുറത്തിറങ്ങാനോ പുറത്തുനിന്നൊരാള്‍ക്ക് അകത്തു കയറാനോ കഴിയില്ല. ഇരുനൂറോളം വരുന്ന യാത്രക്കാരുടെ മുഴുവന്‍ വിസ, പാസ്‌പോര്‍ട്ട് പരിശോധന മണിക്കൂറുകള്‍ നീളും. എല്ലാം ശരിയാണെങ്കിലും 'തും കിതര്‍ ജാതാഹേ, കോന്‍സി കമ്പനി ഹേ' എന്നിങ്ങനെയുള്ള ചോദ്യവും ക്രൂദ്ധമായ നോട്ടവും എല്ലാവര്‍ക്കും കിട്ടും. ഓര്‍മകളെ വഴിതെറ്റാതെ പിറകോട്ടു കൊണ്ടുപോയാല്‍ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും ഒരേ മുദ്രയായിരുന്നു, മുദ്രാവാക്യമായിരുന്നു. ഇപ്പോള്‍ ഒന്ന് അങ്ങോട്ടുമിങ്ങോട്ടും പോയിവരാന്‍ പോലും നൂലാമാലകള്‍ ഏറെ. മുനബാവോക്കു ശേഷം പാക് അതിര്‍ത്തി സ്റ്റേഷനായ സീറോ പോയന്റിലും അവസ്ഥ ഇതുതന്നെ. ഇവിടത്തെ പരിശോധന കൂടി പൂര്‍ത്തിയാകുമ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. 240 പാകിസ്താന്‍ രൂപയുടെ ടിക്കറ്റ് എടുക്കണം സീറോ പോയന്റില്‍ നിന്നു കറാച്ചിയിലെത്താന്‍.  


തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് നവാബ് ഖാന്‍. അഹമ്മദാബാദില്‍ നിന്നു കറാച്ചിയിലെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുകയാണ് ജുബ്ബയും കോട്ടുമിട്ട ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാരന്റെ ലുക്കുള്ള ഇദ്ദേഹം. ഉപ്പയുടെ ജേഷ്ഠനും കുടുംബവും വിഭജനകാലത്ത് കറാച്ചിയലേക്കു പോയതാണെന്നും വര്‍ഷത്തിലൊരിക്കല്‍ അവരെക്കാണാന്‍ പോകാറുണ്ടെന്നും നവാബ് ഖാന്‍. 45 ദിവസത്തെ വിസ അനുവദിച്ചിട്ടുണ്ടെങ്കിലും 20 ദിവസത്തിനു ശേഷം  തിരിച്ചുപോരുമെന്ന് അദ്ദേഹം പറഞ്ഞു. പണ്ട് അഹമ്മദാബാദില്‍ നിന്നു കറാച്ചിയിലേക്ക് സിന്ധ് മെയില്‍ എന്ന ട്രെയിന്‍ ഉണ്ടായിരുന്നു. വിഭജനത്തിന്റെ വേദന ഇന്നും നമ്മളെ വേട്ടയാടുന്നുണ്ടെന്നും ഉറുദുവും ഗുജ്‌റാത്തിയും കലര്‍ന്ന ഭാഷയില്‍ നവാബ് ഖാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അതിനിടെ ബാഗില്‍ നിന്നു റൊട്ടി പോലൊരു സാധനം എടുത്ത് അദ്ദേഹം ഞങ്ങള്‍ക്ക് നീട്ടി. പാല്‍, മുട്ട, കുങ്കുമം, ഏലക്ക തുടങ്ങിയവയെല്ലാം ചേര്‍ത്തു മണ്ണടുപ്പില്‍ ചുട്ടെടുക്കുന്ന തഫ്തൂണ്‍ എന്ന പ്രത്യേകതരം റൊട്ടിയാണിത്. കഴിച്ചുകൊണ്ടിരിക്കെ കോഖരപാര്‍ സ്റ്റേഷനിലൂടെയാണ് ട്രെയിന്‍ കുതിക്കുന്നത്.


ഇന്ത്യയിലും പാകിസ്താനിലുമായി ഒരു മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന താര്‍ മരുഭൂമിയിലെ ഒരു കൊച്ചുപട്ടണമാണ് കോഖരപാര്‍. പുല്ലുമേഞ്ഞ വീടുകളും അപൂര്‍വം കോണ്‍ക്രീറ്റ് കെട്ടിടങ്ങളും മാത്രം. ഗോത്രപാരമ്പര്യത്തിന്റെ ചേഷ്ടകളും നിഗൂഢതയും തളംകെട്ടി നില്‍ക്കുന്നു ഇവിടം. വളരെ കുറച്ചു മാത്രം സംസാരം ഉയരുന്ന കോച്ചിനകത്തു ഉയര്‍ന്നുകേള്‍ക്കുന്ന ഒരേയൊരു ശബ്ദം നവാബ് ഖാന്റേതാണ്. വിസ ലഭ്യമായാല്‍ കന്യാകുമാരിയില്‍ നിന്നു ഗോവയും മുംബൈയും ഗുജറാത്തും രാജസ്ഥാനും കറാച്ചിയും ക്വറ്റയും സഹദാനും ടെഹ്‌റാനും ഇസ്താംബൂളും മ്യൂണിച്ചും പാരിസും കണ്ട് ലണ്ടന്‍ വരെ ട്രെയിനില്‍ പോകാമെന്ന് നവാബ് ഖാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അന്തിച്ചുപോയി.

കറാച്ചി, നമുക്ക് വെറുമൊരു നഗരമല്ല. യാത്രകളും ജീവിതവും അതിര്‍ത്തി നോക്കുന്നതിനു മുന്‍പ് കേരളത്തില്‍ നിന്നടക്കം ഒരുപാട് ജീവിതങ്ങള്‍ക്ക് അത്താണി നല്‍കിയത് ഈ നഗരമാണ്. തിരൂര്‍ക്കാരന്‍ ബി.എം കുട്ടി മുതല്‍ ഒരുപാട് പേര്‍ ഇവിടെ ചായവില്‍പ്പനക്കാരായുണ്ട്.  ലാല്‍കൃഷ്ണ അദ്വാനിയും മെഹ്ദി ഹസ്സനും ജനിച്ചത് ഇവിടെയാണ്. എത്രയോ യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കഥകളും ഇവിടെ  അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്‌


      സൂര്യന്‍ അസ്തമിച്ചു തുടങ്ങുമ്പോള്‍ താര്‍ മരുഭൂമി ചുട്ടുപഴുത്ത ഇരുമ്പിനെ ഓര്‍മിപ്പിച്ചു. മിര്‍പൂര്‍ഖാസ് പിന്നിടുമ്പോള്‍ പലരും ഉറക്കം തുടങ്ങി. വിജനതയില്‍ ഒറ്റയ്ക്കു  നില്‍ക്കുന്ന ഒരു വലിയ നഗരം തന്നെയാണ് മിര്‍പൂര്‍ഖാസ്. സിന്ധരി മാങ്ങയ്ക്കു പ്രശസ്തമായ ഈ നഗരത്തെ ശരിക്കൊന്ന് ആസ്വദിക്കാന്‍ തണുത്തുറഞ്ഞ രാത്രി അനുവദിച്ചില്ല. എപ്പോഴോ ഉണര്‍ന്നപ്പോള്‍ സമയം രാത്രി മൂന്നു മണി. ട്രെയിന്‍ അരിച്ചരിച്ച് കറാച്ചിയിലെ കണ്ടോണ്‍മെന്റ് സ്റ്റേഷനിലേക്കു കയറുകയായിരുന്നു.

 


ഇന്‍സ്റ്റന്റ് സിറ്റി

 

കറാച്ചിയെക്കുറിച്ച് ആദ്യമായി അടുത്തറിയുന്നത് സ്റ്റീവ് ഇന്‍സ്‌കീപ് എഴുതിയ 'ഇന്‍സ്റ്റന്റ് സിറ്റി' എന്ന പുസ്തകത്തിലൂടെയാണ്. വിഭജന സമയത്ത് നാലുലക്ഷം മാത്രം ജനസംഖ്യയുണ്ടായിരുന്ന കറാച്ചി ഇന്നു 14 മില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന മഹാനഗരമാണ്. ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം. മുഹമ്മദലി ജിന്ന മുതല്‍ ഷാഹിദ് അഫ്രീദി വരെ ഒരുപാട് മഹാന്മാരെ കണ്ട തുറമുഖ നഗരം, ഖവ്വാലി തൊട്ട് ബിരിയാണിക്കു വരെ ലോകപ്രശസ്തം. മുന്‍പു പാകിസ്താന്റെ തലസ്ഥാനമായിരുന്ന കറാച്ചി ഇന്നു രാജ്യത്തിന്റെ സാംസ്‌കാരിക, ധനകാര്യ തലസ്ഥാനമാണ്.
    ക്ലിഫ്രണ്‍ ബീച്ചും കടലിലേക്കിറങ്ങി നില്‍ക്കുന്ന ദോ ദര്യ ഹോട്ടലും കണ്ടാല്‍ ഏതോ യൂറോപ്യന്‍ നഗരത്തിലാണെന്നു തോന്നും. പക്ഷെ, തെരുവുകള്‍ തന്നെ മനോഹരം, പ്രത്യേകിച്ച് രാത്രികളില്‍. തെരുവുഭക്ഷണശാലകളിലെ ബണ്‍ കബാബും ലാച്ച പറാത്തയും ചിക്കന്‍ കാറായിയുമെല്ലാം ഒരിക്കല്‍ രുചിച്ചാല്‍ ഓര്‍മകളില്‍ തികട്ടിവന്നുകൊണ്ടേയിരിക്കും. ബീച്ചുകളില്‍ ഒട്ടകസവാരി നടത്തുന്ന വിദേശികളുടെ മുഴുവന്‍ കൈകളിലും ഒന്നല്ലെങ്കില്‍ മറ്റൊരു കറാച്ചി ഭക്ഷണമുണ്ട്. എന്തും ലഭിക്കുന്ന എമ്പ്രസ് മാര്‍ക്കറ്റാണ് സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലം. ഖാഇദേ അസം ട്രക്ക് സ്റ്റാന്‍ഡിലെ ഓരോ ട്രക്കും ഓരോ കലാസൃഷ്ടികള്‍. ചിത്രകലകളും കവിതാശകലങ്ങളും കോറിയിട്ട പത്തേമാരികളെ ഓര്‍മിപ്പിക്കുന്ന ട്രക്കുകള്‍ ദൂരങ്ങളുടെ കഥ പറയുന്നതായി തോന്നി.  
കറാച്ചി, നമുക്കു വെറുമൊരു നഗരമല്ല. യാത്രകളും ജീവിതവും അതിര്‍ത്തി നോക്കുന്നതിനു മുന്‍പ് കേരളത്തില്‍ നിന്നടക്കം ഒരുപാട് ജീവിതങ്ങള്‍ക്ക് അത്താണി നല്‍കിയത് ഈ നഗരമാണ്. തിരൂര്‍ക്കാരന്‍ ബി.എം കുട്ടി മുതല്‍ ഒരുപാട് പേര്‍ ഇവിടെ ചായവില്‍പ്പനക്കാരായുണ്ട്. ഓര്‍മകള്‍ പോലെത്തന്നെ എത്രയോ യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മഹാന്മാരായ കലാകാരന്മാരുടെയും കഥകളും ഇവിടെ  അലിഞ്ഞു കിടപ്പുണ്ട്. ലാല്‍കൃഷ്ണ അദ്വാനിയും മെഹ്ദി ഹസ്സനും ജനിച്ചത് ഇവിടെയാണ്. ഇന്നു ലോകം മുഴുവന്‍ എല്ലാവരും  ഇഷ്ടംപോലെ സഞ്ചരിക്കുന്ന  ഉദാരവല്‍ക്കരിക്കപ്പെട്ട കാലത്ത് കറാച്ചിയും ലാഹോറും ഡല്‍ഹിയും മുംബൈയുമെല്ലാം നമ്മള്‍പരസ്പരം കൊട്ടിയടച്ചിരിക്കുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  6 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  6 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  7 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  7 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  8 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  9 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  9 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  9 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  10 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  10 hours ago