HOME
DETAILS
MAL
എനിക്ക് ചുറ്റം
backup
January 15 2017 | 09:01 AM
- ഞാനിപ്പോള്‍ ആ പഴയ കാലന്‍കുട അന്വേഷിച്ചു നടക്കുകയാണ്. അതിലൊരു ആണ്‍കുടയും പെണ്‍കുടയും ഉണ്ടായിരുന്നു. എവിടെ വേണമെങ്കിലും തൂക്കിയിടാവുന്ന, തുറന്നുവയ്ക്കാവുന്ന, വെയിലും മഴയും കടക്കാത്ത എന്റെ ഭ്രാന്തന്‍ കുട.
- ഇന്നലെ എന്റെ 'കൂനിന്‍മേല്‍ക്കുരു' പൊട്ടി.
അവിടെ ഇനി ആല്‍ മുളക്കുമെന്ന് വൈദ്യര്‍.
- ഞാനിന്നു മലപ്പുറം വരെ പോയി. മോന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്. മലപ്പുറം ഒരു 'ഉയര്‍ന്ന' സ്ഥലമാണ്. ചുറ്റും മലകളുണ്ട്. നോക്കുമ്പോള്‍ മലകള്‍ക്കു മുകളിലാണെന്ന് (മല+പുറം) തോന്നും.
എന്നിട്ടും കരിപ്പൂരിലെ, മലപ്പറും ജില്ലയില്‍പെട്ട എയര്‍പോര്‍ട്ട് കോഴിക്കോട് എയര്‍പോര്‍ട്ടായും തേഞ്ഞിപ്പലത്തെ സര്‍വകലാശാല കോഴിക്കോട് സര്‍വകലാശാലയായും അറിയപ്പെടുന്നു.
എയര്‍പോര്‍ട്ടും യൂനിവേഴ്‌സിറ്റിയും കോഴിക്കോട് കൊണ്ടുപോയെങ്കിലും 'മലപ്പുറം കത്തി' ആര്‍ക്കും ഇതുവരെ ഒന്നു തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല.
- പണ്ട് സാമി അത്ത്‌ള (സ്വാമി അബ്ദുല്ല) എന്നൊരാള്‍ ജീവിച്ചിരുന്നു. സ്വാമി വേഷത്തില്‍ അബ്ദുല്ലയായി ജീവിച്ച ഒരാള്‍.
അന്നാരും അയാളെ കല്ലെറിഞ്ഞില്ല, കൂക്കി വിളിച്ചില്ല, ആരും അയാളെ ശ്രദ്ധിച്ചുപോലുമില്ല. 'ചങ്ങലയില്ലാത്തൊരു ഭ്രാന്തന്‍'. നാട്ടുകാര്‍ക്ക് അതായിരുന്നു അയാള്‍.
ഞാനിപ്പോള്‍ എന്തിനാണ് സാമി അത്ത്‌ളയെ ഓര്‍ക്കുന്നത് 'കവിത സരസ്വതിയാണെങ്കില്‍, കഥ ബീരാന്‍കുട്ടി മുസ്‌ലിയാരായിരിക്കും' എന്ന വരി എന്റെ പുതിയ പുസ്തകത്തില്‍നിന്നു നീക്കേണ്ടി വന്നു.
സത്യം, നര്‍മബോധം പോലുമില്ലാത്ത ഒരു കാലത്താണു ഞാനിപ്പോള്‍ ജീവിക്കുന്നത്. നമ്മുടെ സംസ്‌കാരം മഴക്കാലത്തു പോലും വറ്റിവരണ്ടിരിക്കുന്നു.
- അങ്ങനെ നാട്ടിലെ ആദ്യത്തെ തെരഞ്ഞെടുപ്പും (വോട്ട്) പെരുന്നാളും കഴിഞ്ഞു. ഇനി വീണ്ടും പഴയ വഴിയില്‍, പഴയ തിരശ്ശീലയില്‍. എന്നിട്ടും എനിക്കിവിടെ എല്ലാം പഴയതുപോലെ.
നേരു പറഞ്ഞാല്‍ കാണികളില്ലാത്ത ഒരൊറ്റ നാടകമാണ് ഞാന്‍. അഭിനയിച്ചഭിനയിച്ച് സ്വയം തോല്‍ക്കുന്നവന്‍. അതുകണ്ട് അണിയറയില്‍ ആരൊക്കെയോ കൈയടിക്കുന്നു, കൂക്കി വിളിക്കുന്നു.
- പ്രവാസം കഴിഞ്ഞും പ്രവാസിയായി ജീവിക്കുന്ന ഒരാളെ എനിക്കറിയാം. അയാള്‍ ആരെയും അറിയില്ല. ആരും അയാളെയും.
ഒരിക്കല്‍ അയാള്‍ പറഞ്ഞു: 'നാടു വിടുമ്പോള്‍ ചുറ്റും പുല്ലിട്ട വീടായിരുന്നു, തണലായിരുന്നു. അതൊക്കെ ഇപ്പോള്‍ ബംഗ്ലാവായി, മാര്‍ബിളായി, മതിലായി, മരങ്ങളെല്ലാം അപ്രത്യക്ഷമായി, നാലുവരിപ്പാതയായി, പല തറവാടുകളും ഷോപ്പിങ് കോംപ്ലക്‌സായി, സ്വിമ്മിങ് പൂളായി, സിനിമാ കൊട്ടകകള്‍ ആഘോഷമന്ദിരങ്ങളായി, കതിര്‍മണ്ഡപമായി. തീവണ്ടി ട്രെയിനായി, സൂപ്പര്‍ഫാസ്റ്റായി. മനുഷ്യന്‍ മൃഗമായി. അമ്മയെയും പെങ്ങളെയും തിരിച്ചറിയാതായി.
സത്യത്തില്‍ എവിടെയാണ് ഞാനെത്തിപ്പെട്ടത്, ജീവിക്കുന്നത്.
- നാളെ ചെറിയ പെരുന്നാള്‍. എന്നെ സംബന്ധിച്ച് ഇതൊരു വലിയ പെരുന്നാളാണ്. കഴിഞ്ഞ നാലു പതാണ്ടും മരുഭൂമിയിലായിരുന്നു എന്റെ നോമ്പും പെരുന്നാളും ആഘോഷങ്ങളും. നാട്ടില്‍ ഇത് ആദ്യത്തെ പെരുന്നാളാണ്. ഇതുവരെ ഒരു ആഘോഷവും നാട്ടില്‍ കിട്ടിയില്ല. സ്വന്തം കല്ല്യാണമല്ലാതെ.
അത്യാഹിത വിഭാഗത്തിലായിരുന്നു എന്റെ തൊഴില്‍. എമര്‍ജന്‍സി സെക്ഷനില്‍. പ്രത്യേക ഒഴിവു ദിവസങ്ങളില്‍ (ആഘോഷനാളില്‍) ജോലിഭാരം കൂടും. അന്നു ഞങ്ങള്‍ക്ക് ഒഴിവു കിട്ടില്ല. എന്തിനേറെ വ്യാഴം, വെള്ളി ദിവസങ്ങളിലാണു ഗള്‍ഫില്‍ സാഹിത്യം പൂക്കുന്നത്. പലപ്പോഴും എന്റെ ഷിഫ്റ്റ് ഡ്യൂട്ടി മൂലം അതിനു പോകാന്‍ കഴിയാറില്ല. അതുകൊണ്ടൊക്കെയാണ് എനിക്ക് ഇത്രയും ശത്രുക്കള്‍. ഏതായാലും നാട്ടിലെ ആദ്യത്തെ പെരുന്നാള്‍ ഗംഭീരമായി ആഘോഷിക്കണം. ഒരു ദുഃഖം മാത്രം, വേദന മാത്രം, പ്രവാസം കിഴഞ്ഞു തിരിച്ചെത്തുമ്പോഴേക്കും ഉമ്മ ഇല്ലാതെ പോയി. കഴിഞ്ഞ മൂന്നാം പെരുന്നാളിനായിരുന്നു ഉമ്മ മരണപ്പെട്ടത്. ഉമ്മയില്ലാത്ത മക്കളും പെരുന്നാള്‍ ആഘോഷിക്കുന്നു. അവരോടൊപ്പം കണ്ണീരോടെ ഞാനും.
- വിശ്രമ ജീവിതം നയിക്കാനാണ് അവരെന്നെ പറഞ്ഞയച്ചത്. എന്നിട്ട്, വിശ്രമത്തിലേക്കു വന്നപ്പോഴോ വിഷമ ജീവതവും 'വിഷ' ജീവിതവും.
എന്നെ തിരിച്ചു വിളിക്കൂ... അല്ലെങ്കില്‍, ചങ്ങലയ്ക്കിടൂ...
- യാത്രയില്‍ ഞാനൊരാളെ പരിചയപ്പെട്ടു. ഭാഗ്യം, ഇറങ്ങുന്നതു വരെ അയാളെന്റെ പേര് ചോദിച്ചില്ല. (ഞനേത് ജാതിയാണെന്ന് അയാള്‍ക്ക് തോന്നിക്കാണും).
ആ യാത്രയില്‍ അയാള്‍ എന്നോട് ഒരുപാടു ജീവിതം പറഞ്ഞു. ജീവിതത്തില്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കഥകള്‍. എല്ലാ കഥയിലും അയാള്‍ക്കു നഷ്ടമാണ്. പലതരം കച്ചവടം ചെയ്ത് പൊളിഞ്ഞ, എല്ലാം നഷ്ടത്തില്‍ മുങ്ങിയ ഒരു വലിയ മനുഷ്യന്റെ കഥ. അങ്ങനെ അയാളുടെ ആകാശം ഇരുട്ടായി, കൂരിരുട്ടായി. വെളിച്ചമില്ലാതായി, ആരുമില്ലാതായി. ഒരുപാട് ലോകം കണ്ട, ജീവിതംകണ്ട ഒരു തേങ്ങല്‍.
ഒടുവില്‍ അയാള്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നല്ല രീതിയില്‍ കച്ചവടം നടക്കുന്നത് ജയിലിലാണ്. കലര്‍പ്പില്ലാത്ത ചപ്പാത്തി, ബിരിയാണി, ജൈവപച്ചക്കറി കൃഷി, വാഴക്കൃഷി തുടങ്ങിയവ. ജയിലിലെ പണിക്കാര്‍ ആത്മാര്‍ഥതയുള്ളവരാണ്. അവര്‍ അഡ്വാന്‍സ് വാങ്ങി മുങ്ങുന്നില്ല. തന്തയ്ക്കു വിളിക്കുന്നില്ല. പറഞ്ഞു പറ്റിക്കുന്നില്ല.
പരാജയപ്പെട്ട ഒരു കച്ചവടക്കാരന്റെ 'കാല്‍ക്കുലേറ്റര്‍' നോക്കുമ്പോള്‍ പാളിച്ചകള്‍ എവിടെയാണ്? വിശ്വസിച്ച് ഏല്‍പ്പിക്കുന്ന പണിക്കാരുടെ കൈയിലോ, ഒരിക്കലും അടച്ചു തീരാത്ത ബാങ്ക് ലോണിലോ...
- ഒരു സര്‍ക്കാല്‍ ഓഫിസ്. ചെറിയൊരു കാര്യത്തിനു ഞാനവിടെപ്പോയി. നാളെ വരാന്‍ പറഞ്ഞു. പിറ്റേന്നു പോയി. വരാന്‍ പറഞ്ഞ ആള്‍ ഇന്ന് അവധിയാണ്. വീണ്ടും പിറ്റേന്നു പോയി. അന്ന് ഓഫിസര്‍ ഇല്ലെന്നു പറഞ്ഞു. ഒപ്പിടേണ്ടത് അങ്ങേരാണത്രെ.
തിങ്ങളാഴ്ച തുടങ്ങിയതാണ് ഈ നടത്തം. ഇപ്പോള്‍ തന്നെ ബുധനായി. പിറ്റേന്നു വ്യാഴാഴ്ച വീണ്ടും പോയി. അന്നവിടെ കറണ്ടില്ല. ഓണ്‍ലൈന്‍ നിശ്ചലം. നാളെ വെള്ളിയാഴ്ച. ഞാനെങ്ങോട്ടും പോകുന്നില്ല. എനിക്ക് പള്ളിയില്‍ പോണം.
(കഴിഞ്ഞ പത്തു നാല്‍പ്പത് കൊല്ലം മറ്റൊരു രാജ്യത്തു സര്‍ക്കാര്‍ സേവകനായിരുന്നു. അവിടെയൊന്നും കാണാത്ത ഈ 'നടത്തം'... ചെരുപ്പ് കച്ചവടക്കാര്‍ക്ക് തുണ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."