കുടുംബശ്രീ കൂട്ടായ്മയില്‍ ഹരിത വിപ്ലവത്തിനൊരുങ്ങി ഉദയനാപുരം പഞ്ചായത്ത്
വൈക്കം: കുടുംബശ്രീ കൂട്ടായ്മയിലൂടെ ജൈവപച്ചക്കറി കൃഷി വ്യാപിപ്പിച്ച് പുതുചരിത്രം രചിക്കുകയാണ് ഉദയനാപുരം ഗ്രാമപഞ്ചായത്ത്. വര്‍ഷങ്ങളായി തരിശുകിടക്കുന്ന ഒന്നര ഏക്കര്‍ പുരയിടം പടിഞ്ഞാറെക്കരയിലെ ഹരിതശ്രീ കുടുംബശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കി വിത്തിറക്കി.
പതിമൂന്നു അംഗ വനിതാഗ്രൂപ്പ് ഇരുപത്തിയഞ്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് നിലമൊരുക്കി കൃഷിയോഗ്യമാക്കിയത്. ഇവിടെ പച്ചമുളക്, വഴുതന, തക്കാളി, പയര്‍, പാവല്‍, പീച്ചില്‍, ബീന്‍സ്, ബജി മുളക്, കത്രിക്ക, സാലഡ് കുക്കുംബര്‍ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലുള്ള കാര്‍ഷിക വിളകളാണ് കൃഷി ചെയ്യുന്നത്.
ഉദയനാപുരം പഞ്ചായത്ത് ജനകീയ ആസുത്രണ പദ്ധതിയില്‍പെടുത്തിയാണ് പച്ചക്കറി കൃഷി നടത്തുന്നത്. ഒരു ലക്ഷം രൂപ പലിശരഹിത വായ്പയും പദ്ധതിക്ക് ലഭ്യമായിട്ടുണ്ട്. കൃഷിയുടെ സുഗമമായ നടത്തിപ്പിന് ഗുരുകൃപ ഹോര്‍ട്ടി കള്‍ച്ചറല്‍ നഴ്‌സറി ഉടമ മക്കന്‍ ചെല്ലപ്പന്‍ സൗജന്യമായി നല്‍കിയ പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ചും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇദ്ദേഹം തന്നെ നല്‍കിയുമാണ് കൃഷിയുടെ തുടക്കം. പച്ചക്കറി തൈ നടീല്‍ ഉദയനാപുരം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് മോഹനും, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആനന്ദവല്ലിയും ചേര്‍ന്നു നിര്‍വഹിച്ചു.
കൃഷി ഓഫീസര്‍ വി.എം സീന, കൃഷി അസിസ്റ്റന്റുമാരായ ശ്രീകാന്ത്, രാജകൃഷ്ണന്‍, ത്രേസ്യാമ്മ, ഹരിശ്രീ അയല്‍ക്കൂട്ടം ഭാരവാഹികളായ ഷീല രാജേന്ദ്രബാബു, സുലോചന വേണുഗോപാല്‍, രത്‌നമ്മ, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സരള സുരേന്ദ്രന്‍, രമ കോണത്തൊടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."