യു.എ.ഇയില്‍ കനത്തമഴ തുടരുന്നു; തിരുവനന്തപുരത്ത് നിന്നും ദുബൈയിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത് നിന്നും യു.എ.ഇയലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ദുബൈയിലേക്കുള്ള എമിററ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു.
നേരത്തെ കൊച്ചിയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു.
കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയില്‍ രേഖപ്പെടുത്തിയത്. ശക്തമായ മഴയില്‍ യു.എ.ഇയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ഖൈമ വാദ് ഇസ്ഫിനിയിലെ മലവെള്ളപ്പാച്ചിലില്‍ യു.എ.ഇ സ്വദേശിയാണ് മരിച്ചത്. മഴയില്‍ വ്യാപകനാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകള്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. മേല്‍ക്കൂര തകര്‍ന്ന് ബഹുനിലകെട്ടിങ്ങളില്‍ വരെ ചോര്‍ന്നൊലിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങള്‍ക്കാണ് നാശനഷ്ടം നേരിട്ടത്.
അല്‍ ഐനിലെ ഖതം അല്‍ ശക്‌ല പ്രദേശത്ത് 24 മണിക്കൂറിനിടെ 254.88 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഓഫ് മെട്രോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികൂല കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ രാജ്യം നിരവധി പ്രയാസങ്ങള്‍ നേരിട്ടതായും ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പരസ്പരം സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ജനങ്ങളും അധികാരികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."