കെ.പി.സി.സിയില്‍ സമഗ്ര അഴിച്ചു പണി സുധീരനെ ലക്ഷ്യമിട്ട് പുതിയ നീക്കം
തിരുവനന്തപുരം:സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം നടക്കില്ലെന്ന് വന്നതോടെ കെ.പി.സി.സിയില്‍ സമഗ്ര അഴിച്ചു പണി ലക്ഷ്യമിട്ടു എ ഗ്രൂപ്പ്. രാഹുല്‍ഗാന്ധി - ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കേയാണ് വി.എം സുധീരനെ ലക്ഷ്യമിട്ടു കെ.പി.സി.സിയില്‍ സമഗ്ര അഴിച്ചു പണിയെന്ന ആവശ്യം എ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്. ഡി.സി.സി അധ്യക്ഷ നിയമനത്തെ ചൊല്ലി ഇടഞ്ഞ ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
ചര്‍ച്ചയില്‍ സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും തീരുമാനം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും തിരിച്ചറിയുന്നുണ്ട്. എങ്കില്‍ കെ.പി.സി.സിയില്‍ സമഗ്ര അഴിച്ചു പണി വേണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി മുന്നോട്ടു വയ്ക്കും. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും എ ഗ്രൂപ്പിനായി ആവശ്യപ്പെടും. ഡി.സി.സി പ്രസിഡന്റുമാരായി നിയമിതരായവരുടെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി, സെക്രട്ടറി പദവികള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇവ നികത്തുന്നതിനൊപ്പം സമഗ്രമായ അഴിച്ചു പണി ഉണ്ടാവണമെന്ന ആവശ്യമാണ് എ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്.
പി.സി വിഷ്ണുനാഥ് ഉള്‍പ്പടെ യുവ നേതാക്കള്‍ക്ക് എ.ഐ.സി.സി ഭാരവാഹിത്വം ഉറപ്പാക്കാനും ശ്രമിക്കും. ഇതിലൂടെ പഴയ പ്രതാപം കോണ്‍ഗ്രസില്‍ തിരിച്ചു പിടിക്കുകയാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നത്. പ്രശ്‌ന പരിഹാരമെന്ന നിലയില്‍ ഇതിന് ഹൈക്കമാന്‍ഡ് വഴങ്ങുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ്. സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം ഉമ്മന്‍ചാണ്ടി ഉയര്‍ത്തുന്നത് ആത്യന്തികമായി വി.എം സുധീരനെ ലക്ഷ്യമിട്ടാണ്. ഈ ആവശ്യത്തിന് ഉടനെങ്ങും നേതൃത്വം വഴങ്ങില്ല. ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഒഴിവുള്ള കെ.പി.സി.സി സ്ഥാനങ്ങളിലേക്ക് അദ്ദേഹത്തിന് കൂടി താത്പര്യമുള്ളവരെ നിയമിച്ചേക്കും.
എന്നാല്‍, ഇതുകൊണ്ടു താല്‍ക്കാലിക വെടിനിര്‍ത്തലിന് മാത്രമേ സാധ്യതയുള്ളൂ. സുധീരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുകച്ചു ചാടിക്കുകയെന്നതാണ് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ലക്ഷ്യമിടുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ടു ബംഗ്ലുരുവിലായിരുന്ന ഉമ്മന്‍ചാണ്ടി യു.ഡി.എഫിലെ പ്രമുഖ കക്ഷിയുടെ നേതാവുമായും മുന്നണിക്ക് പുറത്തു പോയ കേരള കോണ്‍ഗ്രസ് (എം) നേതാവുമായും ചര്‍ച്ച നടത്തിയിരുന്നു.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നീണ്ടു പോയാല്‍ കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും അതിന് സഹായം തേടിയുമാണ് ഇരുവരുമായും ചര്‍ച്ച നടത്തിയത്. ഇത് അറിഞ്ഞതോടെയാണ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ അടിയന്തരമായി അനുരഞ്ജന നീക്കം നടത്തിയത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നീളുന്നത് ഘടകക്ഷികളെ പ്രകോപിതരാക്കുന്നുവെന്ന തിരിച്ചറിവും നീക്കം വേഗത്തിലാവാന്‍ കാരണമായി.
രാഹുല്‍- ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, സുധീരനെ ലക്ഷ്യമിട്ടുള്ളതാണ് ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും നീക്കമെന്നതിനാല്‍ കലഹം ഉടനെന്നും അവസാനിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."