പ്രതിക്ക് 40 വര്‍ഷം തടവും നാലുലക്ഷം രൂപ പിഴയും
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം തടവും നാലുലക്ഷം പിഴയും ശിക്ഷ വിധിച്ചു.
കുപ്പാടിത്തറ അമ്പലക്കണ്ടി കോളനിയില്‍ രാജു (27)വിനെയാണ് കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണ സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷല്‍ കോടതി (അഡീഷനല്‍ സെഷന്‍സ് കോടതി നമ്പര്‍ 1) ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്‍ 2012ലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണ സംരക്ഷണ നിയമത്തിലെ നാല് വകുപ്പുകളിലായി പത്തുവര്‍ഷം വീതം 40 വര്‍ഷം കഠിന തടവും 4,00,000 രൂപ പിഴയും അടക്കാനും ശിക്ഷിച്ചത്. തടവ് പത്തു വര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി.
പിഴടച്ചില്ലെങ്കില്‍ 12 വര്‍ഷം കൂടി തടവനുഭവിക്കണം. പ്രതി പിഴയടച്ചാല്‍ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കേസിലെ ഇരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി.
2015 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പ്രതി അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ കൂട്ടി പോവുകയും പ്രതിയുടെ വീട്ടില്‍ വെച്ചും പിന്നീട് ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ കൊണ്ടപോയും ബലാല്‍സംഗം ചെയ്യുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വൈത്തിരി പൊലിസ് ഇന്‍സ്‌പെക്ടറായിരുന്ന എം.എ. സുനിലാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."