അരങ്ങില്‍ മകന്‍ തിളങ്ങി; അമ്മ ഒരുക്കിയ ആടകളില്‍
കണ്ണൂര്‍: അമ്മയൊരുക്കുന്ന വസ്ത്രങ്ങളണിഞ്ഞ് വിജയങ്ങള്‍ കൊയ്‌തൊരു മകന്‍. മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലെ പത്താംതരം വിദ്യാര്‍ഥി ഓസ്റ്റിന്‍ റോയിയാണ് അമ്മയുടെ കരവിരുതില്‍ രൂപപ്പെടുന്ന വസ്ത്രങ്ങളണിഞ്ഞ് നൃത്തയിനങ്ങളില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്.
കുച്ചുപ്പുടി, ഭരതനാട്യം, കേരളനടനം എന്നീയിനങ്ങളില്‍ മത്സരിക്കുന്ന ഓസ്റ്റിന് വസ്ത്രങ്ങള്‍ തയ്ക്കുന്നത് അമ്മ ഉഷയാണ്. ഇന്നലെ നടന്ന കുച്ചുപ്പുടിയില്‍ ഓസ്റ്റിന് എ ഗ്രേഡുണ്ട്.
മത്സരയിനങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ക്ക് ഭീമമായ ചെലവു താങ്ങാന്‍ കഴിയാതായതോടെയാണ് സ്വന്തമായി തയ്ക്കാന്‍ തുടങ്ങിയത്. ആദ്യം ഒരു തയ്യല്‍ക്കാരനെ കൊണ്ടു വസ്ത്രങ്ങള്‍ തയ്പ്പിച്ചു വാങ്ങി. അതേ മാതൃകയില്‍ പിന്നീട് തയ്ച്ചുതുടങ്ങുകയായിരുന്നു. പരിചയത്തിലുള്ള മറ്റുചില നര്‍ത്തകര്‍ക്കും ഉഷ വസ്ത്രങ്ങള്‍ തയ്ച്ചുനല്‍കുന്നുണ്ട്. പത്ത് വര്‍ഷത്തോളമായി മകനായി വസ്ത്രങ്ങള്‍ തയ്ക്കാന്‍ തുടങ്ങിയിട്ടെന്ന് ഉഷ പറഞ്ഞു. മറ്റ് മത്സരാര്‍ഥികള്‍ വസ്ത്രങ്ങള്‍ക്ക് 1500 മുതല്‍ 2000 വരെ ഒരു ദിവസം വാടക നല്‍കുമ്പോഴാണ് ഉഷ മകനായി വസ്ത്രങ്ങള്‍ തയ്ച്ച് വ്യത്യസ്തയാകുന്നത്.
മലപ്പുറം കാവുങ്ങലില്‍ വാടകവീട്ടിലാണ് ഉഷയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് റോയി ടൈല്‍സ് ജോലിക്കാരനാണ്. പരാധീനതകള്‍ക്കിടയിലും മകന്റെ കലാമികവിനെ പരിപോഷിപ്പിക്കാന്‍ രാപ്പകലെന്യേ കഷ്ടപ്പെടുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."