ജിഷാവധം: വസ്തുതകള്‍ പുറത്തുവിടാന്‍ യു.ഡി.എഫ് തയ്യാറാകണമെന്ന് പി.കെ ശ്രീമതി
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.ഡി.എഫ് വസ്തുതകള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് പി.കെ ശ്രീമതി എം.പി ആവശ്യപ്പെട്ടു.
കൊലപാതകം നടന്നിട്ട് ഒരുമാസം എത്താറായിട്ടും കുറ്റവാളികളെ പിടിക്കൂടാന്‍ കഴിയാതെ പൊലിസ് കുഴയുകയാണ്. മറിച്ച് നിയമവിരുദ്ധമായ നടപടി സ്വീകരിച്ചവരെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായത്.
പുറ്റിങ്ങല്‍ സംഭവത്തിലും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ല. ആഭ്യന്തര വകുപ്പും മന്ത്രിയും അനങ്ങിയില്ല. ജിഷ സംഭവത്തില്‍ ആരോപണ വിധേയരായ പൊലിസുകാരെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കൊലപാതകം നടന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് മുതല്‍ നടന്ന നടപടികള്‍ മുഴുവന്‍ തെറ്റാണെന്ന് തെളിഞ്ഞു. മൃതദേഹം ദഹിപ്പിക്കരുതെന്ന് അമ്മ ആവശ്യപ്പെട്ടിട്ടും അത് ചെയ്തു. മറുപടി പറയാന്‍ നാഥനില്ലാ കളരിയായി യു.ഡി.എഫ് സര്‍ക്കാര്‍ മാറിയതിന്റെ ഉദാഹരണമാണ് ജിഷ വധവും തുടര്‍ന്നുള്ള അന്വേഷണവും.
സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന യു.ഡി.എഫ്പ്രഖ്യാപനമാണ് പാഴായത്.ജിഷ കൊലപാതകം പോലെ മറ്റൊരു ദാരുണ സംഭവും കേരളത്തില്‍ സംഭവിക്കാന്‍ പാടില്ല.പുതിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫിന്റെ രാപ്പകല്‍ സമരം പിന്‍വലിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മൂന്നാഴ്ചയോളം സമരപ്പന്തലില്‍ അണിചേര്‍ന്ന എല്ലാ പ്രവര്‍ത്തകരെയും പി.കെ ശ്രീമതി അഭിവാദ്യം ചെയ്തു.
യോഗത്തില്‍ സി.വി ശശി അധ്യക്ഷനായി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈന്‍, ജില്ലാ സെക്രട്ടറി പി രാജീവ്, നിയുക്ത മുവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, മുന്‍ എം.എല്‍.എ സാജുപോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."