പാലക്കാടോ, കോഴിക്കോടോ ?
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു തിരശ്ശീല വീഴാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ പാലക്കാടിന്റെ പടയോട്ടം തുടരുന്നു. കഴിഞ്ഞവര്‍ഷത്തെ രണ്ടാംസ്ഥാനക്കാരായ പാലക്കാടും ചാംപ്യന്‍മാരായ കോഴിക്കോടുമാണു സര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നത്. തൊട്ടുപിന്നില്‍ ആതിഥേയരായ കണ്ണൂരുമുണ്ട്. കഴിഞ്ഞതവണ തിരുവനന്തപുരത്ത് നഷ്ടപ്പെട്ട കലാകിരീടം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്ന വാശിയിലാണു പാലക്കാടിന്റെ പാച്ചില്‍. ഓരോ മത്സരങ്ങളിലും അരയും തലയും മുറുക്കിയിറങ്ങുന്ന പാലക്കാടന്‍ ടീമിനെ ഒരിക്കല്‍കൂടി തളച്ചിടാമെന്ന കണക്കുകൂട്ടലിലാണു കോഴിക്കോടന്‍ കുതിപ്പ്. ഇനി വരാനിരിക്കുന്ന ഓരോ മത്സരഫലവും ഇരുജില്ലകള്‍ക്കും നിര്‍ണായകമാണ്. ഈ ഫലങ്ങളില്‍ കണ്ണുനട്ടാണ് ഇരുടീമുകളുടെയും പോരാട്ടം.
ഇന്ന് വൈകുന്നേരം ആറുമണിവരെയുള്ള വരെയുള്ള ഫലങ്ങള്‍ വന്നപ്പോള്‍ 869 പോയിന്റ് നേടിയാണു പാലക്കാട് ആദ്യമെത്തിയത്. മൂന്നു പോയിന്റുകള്‍ മാത്രമാണു കോഴിക്കോടിനു പാലക്കാടിനേക്കാള്‍ കുറവുള്ളൂ. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 386, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 483 എന്നിങ്ങനെ പോയിന്റ് നേടിയാണു പാലക്കാട് മുന്നിലുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 381, ഹയര്‍സെക്കന്‍ഡറിയില്‍ 485 പോയിന്റുകള്‍ നേടിയാണു കോഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്.
കപ്പ് കാത്തവര്‍
1989 മുതലാണ് റവന്യു ജില്ലകള്‍ തമ്മിലുള്ള മത്സരം ആരംഭിച്ചത്. അന്ന് കിരീടം തിരുവനന്തപുരത്തിനായിരുന്നു. 90 ല്‍ എറണാകുളത്തിനായിരുന്നു കപ്പെങ്കില്‍ 91 മുതല്‍ 93 വരെ കോഴിക്കോട് കിരീടമണിഞ്ഞു. 94ല്‍ തൃശൂരിനായി കിരീടം. പിന്നെ 2000 വരെ കപ്പ് തൃശൂരിന് സ്വന്തം. 2001 ല്‍ കോഴിക്കോട് കപ്പ് തിരിച്ചു പിടിച്ചു. 2002 ലും കോഴിക്കോട് കപ്പ് കൈവിട്ടില്ല. 2003ല്‍ കോഴിക്കോടി ന് ചുവടുപിഴച്ചപ്പോള്‍ സ്വര്‍ണകിരീടം എറണാകുളത്തിന്.
എന്നാല്‍ 2004 ല്‍ വീണ്ടും കോഴിക്കോട്. 2005 ലും 2006 ലും പാലക്കാട് കപ്പുകൊണ്ടുപോയി. 2007 ല്‍ വീണ്ടും കോഴിക്കോട് കപ്പില്‍ മുത്തമിട്ടു. പിന്നെ ആ കപ്പ് സാമുതിരിയുടെ നാട്ടുകാര്‍ കൈവിട്ടില്ല. 2015 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ കപ്പ് പാലക്കാടുമായി പങ്കിടേണ്ടിവന്നുവെങ്കിലും 2016ല്‍ തിരുവനന്തപുരത്ത് നടന്ന കലോത്സവത്തില്‍ വീണ്ടും കോഴിക്കോട് സ്വര്‍ണകപ്പ് സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."