കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബില്‍: കരട് മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊച്ചി ഉള്‍പ്പെടെയുള്ള അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളിലെ ഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കും അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ രൂപീകരിക്കുന്നതിനാണ് പുതിയ നിയമ നിര്‍മാണം.
കേന്ദ്ര സര്‍ക്കാരിന്റെ 2017ലെ മെട്രോ റെയില്‍ പോളിസിയില്‍ മെട്രോ പദ്ധതികള്‍ നടപ്പാക്കുന്ന നഗരങ്ങളില്‍ യൂനിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (യു.എം.ടി.എ) രൂപീകരിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. അത് കണക്കിലെടുത്താണ് ബില്‍ കൊണ്ടുവരുന്നത്.
ആര്. ശിവദാസന്‍ നായരെ (കൊല്ലം) പ്ലാന്റേഷന് കോര്പറേഷന് ഓഫ് കേരളയുടെ എം.ഡിയായി നിയമിക്കാനും, മലപ്പുറം സ്പെഷല്‍ ബ്രാഞ്ചില്‍ ഒരു സീനിയര്‍ സിവില്‍ പൊലിസ് ഉദ്യോഗസ്ഥന്റെയും രണ്ട് സിവില്‍ പൊലിസ് ഉദ്യോഗസ്ഥരുടെയും തസ്തികകള്‍ സൃഷ്ടിക്കാനും, തിരുവനന്തപുരം ഐ.പി.എം.എസ് ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി തുണ്ടുതടത്തില്‍ വീട്ടില്‍ ആതിരയുടെ ചികിത്സയ്ക്ക് നാലു ലക്ഷം രൂപ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടയില്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്ന് ചാടിയതിനാലാണ് ആതിരയ്ക്ക് പരുക്കേറ്റത്. ജാതീയമായ അധിക്ഷേപങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി കെട്ടിടത്തിനു മുകളില്‍നിന്ന് ചാടിയത്. ആതിരയുടെ ചികിത്സയ്ക്ക് നേരത്തെ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിനു പുറമെയാണ് നാല് ലക്ഷം രൂപ അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."