രജനീകാന്ത് എന്‍.ഡി.എയുടെ സഖ്യകക്ഷിയാകുമെന്ന് ബി.ജെ.പി തമിഴ്‌നാട് ഘടകം
ചെന്നൈ: രജനീകാന്ത് എന്‍.ഡി.എയുടെ സഖ്യകക്ഷിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
രജനീകാന്തിനെ അഭിനന്ദിക്കുന്നതായി അറിയിച്ച തമിളിസൈ അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. ബി.ജെ.പിയുടെ പ്രധാന ലക്ഷ്യമായ അഴിമതിരഹിത അജണ്ടയുമായി രാഷ്ട്രീയ പ്രവേശനം നടത്തിയ രജനീകാന്തിന് പാര്‍ട്ടിയിലേക്ക് സ്വാഗതം. അഴിമതിക്കെതിരേ ഉറച്ച ശബ്ദമുയര്‍ത്താന്‍ ബി.ജെ.പിയാണ് ഏറ്റവും യോജിച്ചതെന്നും അവര്‍ പറഞ്ഞു.
ഞായറാഴ്ചയാണ് രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതായി പ്രഖ്യാപനം നടത്തിയത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ രജനീകാന്തിന് അഭിനന്ദനമറിയിച്ച് കമല്‍ഹാസന്‍ ഉള്‍പ്പടെയുള്ള ചലച്ചിത്രതാരങ്ങളും രംഗത്തുവന്നിരുന്നു. രജനീകാന്തിനെ ഒരു അനുഭവ സമ്പത്തുള്ള രാഷ്ട്രീയക്കാരന്‍ എന്നാണ് എ.ഐ.എ.ഡി.എം.കെ നേതാവ് മൈത്രേയന്‍ അഭിസംബോധന ചെയ്തത്. രജനീകാന്ത് തനിച്ചു മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് രജനീകാന്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."