200 ഏക്കറില്‍ നെല്‍കൃഷിയിറക്കാന്‍ കൊടിയത്തൂര്‍ പഞ്ചായത്ത്
മുക്കം: വര്‍ഷങ്ങളോളം തരിശായിക്കിടന്നിരുന്ന ചെറുവാടി പുഞ്ചപ്പാടത്തെ 200 ഏക്കറില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി കൊടിയത്തൂര്‍ പഞ്ചായത്ത്.
സംസ്ഥാന സര്‍ക്കാരിന്റെ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി കല്ലാംതോട് നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുഞ്ചപ്പാടത്ത് കൃഷിയിറക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 20ന് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. കേരള സര്‍ക്കാര്‍ പദ്ധതിക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നാലു ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന വയലിന് നടുവിലൂടെ 70 ലക്ഷം രൂപ ചെലവഴിച്ചു തോട് നവീകരിക്കുകയും ഇരുവഴിഞ്ഞിപ്പുഴയിലെ കൂട്ടക്കടവത്ത് പമ്പ് ഹൗസ് സ്ഥാപിക്കുകയും മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, കൃഷിഭവന്‍, ജലസേചന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പഞ്ചായത്ത് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. കൃഷിയിറക്കുന്നതിന്റെ ഭാഗമായി കൃഷിഭവന്റെ സഹായത്താല്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കൃഷിഭവന്റെ നേതൃത്വത്തില്‍ സൗജന്യ വിത്ത് വിതരണവും സബ്‌സിഡി നിരക്കില്‍ വളം നല്‍കുകയും ഹെക്ടറിന് 17000 രൂപ കൂലിയിനത്തില്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി 50,000 രൂപ വരെ പലിശ രഹിത വായ്പയും നല്‍കി വരുന്നു. പദ്ധതി പ്രദേശം കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, കൃഷി ഓഫിസര്‍ എം.എ സബീന, എ.സി ബീന, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍, പാടശേഖര സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."