വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി
വെഞ്ഞാറമൂട്: വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി. വധു ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരുക്കേറ്റു. പാലക്കാടുള്ള വീട്ടില്‍നിന്നും പാറശാലയിലെ വിവാഹ സ്ഥലത്തേക്ക് വന്ന നവവധു മണ്ണാര്‍ക്കാട് ആറ്റുമുറ്റത്തില്‍ സണ്ണി, സാലി ദമ്പതികളുടെ മകള്‍ സാനി(27), ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ പാലക്കാട് പാടത്ത് പീടികയില്‍ ഷൗക്കത്ത്(50), ക്ലീനര്‍ രാംദാസ്(48), തൊടുപുഴ തട്ടാര്‍ മലയില്‍ എയ്ഞ്ചല്‍ മേരി(4), കോട്ടയം കൊച്ചിത്തറയില്‍ അമ്മിണി(52), മകന്‍ ജിജോ ജോര്‍ജ്(29), പന്നിയൂര്‍ കൈപ്പറമ്പില്‍ ജോമോള്‍(15)നുമാണ് പരുക്കേറ്റത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് എം.സി റോഡില്‍ വെഞ്ഞാറമൂട് തണ്ട്രാംപോയ്കയിലാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് റോഡിന്റെ എതിര്‍ദിശയിലേക്ക് പോയി സി.ബി.സി ഹോണ്ട ഷോറൂമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്കുകള്‍ സര്‍വീസ് ചെയ്യുന്ന സ്ഥലത്തേക്കാണ് ബസ് ഇടിച്ചിറങ്ങിയത്. ഫയര്‍ ഫോഴ്‌സും വെഞ്ഞാറമൂട് പൊലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വധുവും ബന്ധുക്കളും കൃത്യസമയത്ത് മറ്റൊരു വാഹനത്തില്‍ വിവാഹ സ്ഥലത്തെത്തി.സാനിയയും പാറശാല സ്വദേശി ബിബിനും തമ്മിലുള്ള വിവാഹം ഇന്നലെ രാവിലെ പാറശാല ഊരമ്പലത്തില്‍ കൃത്യസമയത്ത് നടന്നു. സാരമായി പരുക്കേറ്റ ഡ്രൈവറും ക്ലീനറും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.ഹോണ്ടാ ഷോറൂമിലെ ഷെഡില്‍ ഉണ്ടായിരുന്ന ആറ്
ബൈക്കുകളും മറ്റു സാധനങ്ങളും
അപകടത്തില്‍ തകര്‍ന്നു. 30 ലക്ഷത്തോളം രൂപയുടെ
നാശനഷ്ടമുള്ളതായി ഷോറൂം അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."