ജിഷ്ണുവിന് മര്‍ദനമേറ്റെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന് മര്‍ദനമേറ്റിട്ടില്ലെന്ന് കോളജ് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. പൊലിസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ജിഷ്ണുവിന്റെ മൃതദേഹത്തിന്റെ ഫോട്ടോകളിലാണ് മര്‍ദനത്തിന്റേതെന്നു കരുതുന്ന പാടുകള്‍ വ്യക്തമാകുന്നത്.
കൈയിലും അരയുടെ ഭാഗത്തുമാണ് പാടുകള്‍. എന്നാല്‍ ഈ പരുക്കുകളേക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നില്ല.
നേരത്തെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷ്ണുവിന്റെ മുഖത്ത് മൂന്ന് മുറിവുകള്‍ മാത്രമേ ഉള്ളൂ എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ശരീരത്തിലുണ്ടായിരുന്ന ചുവന്ന പാടുകള്‍ മരണത്തിനു മുന്‍പുള്ളതല്ലെന്നും മൃതദേഹം താഴെയിറക്കുമ്പോള്‍ സംഭവിച്ചതാകാം എന്നും പറഞ്ഞിരുന്നു.
എന്നാല്‍ കൂടുതല്‍ മുറിവുകള്‍ ശരീരത്തിലുള്ളത് മരണത്തിനു മുന്‍പ് ജിഷ്ണുവിന് ക്രൂര മര്‍ദനമേറ്റിരുന്നു എന്നു വ്യക്തമാക്കുന്നതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മര്‍ദനമേറ്റെന്ന് സംശയിക്കുന്ന പാടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
അന്വേഷണത്തിലെ അട്ടിമറി: മുഖ്യമന്ത്രിക്ക്
രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ചുള്ള പൊലിസ് അന്വേഷണത്തിലെ വീഴ്ചകളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മരണം നടന്ന് 18 ദിവസം കഴിഞ്ഞിട്ടും സത്യാവസ്ഥ പുറത്ത് കൊണ്ടു വരാനുള്ള യാതൊരു നടപടിയും പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
വിദ്യാര്‍ഥികളുടെ മൊഴി അട്ടിമറിക്കുന്നതിനും മാനേജ്‌മെന്റിന് അനുകൂലമായി കേസ് മാറ്റിമറിക്കുന്നതിനും പൊലിസ് ശ്രമിച്ചു എന്ന് ആരോപണമുണ്ട്. ജിഷ്ണു മരിക്കുന്നതിന് മുന്‍പ് ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവയെക്കുറിച്ചെല്ലാം അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം.
ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് നഷ്ടപ്പെട്ടതെന്നത് കണക്കിലെടുത്ത് മാതാവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുടുംബത്തിന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള സാമ്പത്തിക സഹായം 25 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."