ജയരാജനെതിരേയുള്ള റിപ്പോര്‍ട്ടിങ്: അണികളില്‍ തണുത്ത പ്രതികരണം
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സംസ്ഥാന കമ്മിറ്റി വിമര്‍ശനം കീഴ്ഘടകങ്ങളില്‍ സ്വീകരിക്കുന്നത് തണുപ്പന്‍ മട്ടില്‍. ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി ജില്ലാ സമ്മേളനത്തിനായി ഒരുങ്ങുമ്പോഴാണ് ജില്ലാ സെക്രട്ടറിക്കെതിരേയുള്ള കുറിപ്പ് ബ്രാഞ്ച് കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. നവംബര്‍ 11ന് സംസ്ഥാന സമിതി അംഗീകരിച്ച കുറിപ്പാണ് കീഴ്ഘടകങ്ങളില്‍ വായിക്കുന്നത്. എന്നാല്‍ ഈ കുറിപ്പിനെ തണുപ്പന്‍ മട്ടിലാണ് അണികള്‍ സ്വീകരിക്കുന്നത്. നേരത്തെ പാര്‍ട്ടി നടത്തിയ ജാഥകളില്‍ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്, ഇന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവരെ വ്യക്തിപൂജയ്ക്കു സമാനമായി പുഷ്പവൃഷ്ടി നടത്തി വാളും പരിചയും പുഷ്പകിരീടം അണിയിച്ചതുമെല്ലാം ചില ബ്രാഞ്ചുകളില്‍ ചര്‍ച്ചയായി. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം. മിക്കയിടങ്ങളിലും കുറിപ്പിന്റെ ഉള്ളടക്കം വിശദീകരിക്കാതെ സംസ്ഥാന കമ്മിറ്റി തയാറാക്കിയ കുറിപ്പ് ഏതെങ്കിലും ബ്രാഞ്ചംഗത്തെ കൊണ്ടു വായിപ്പിക്കുക മാത്രമാണ് ചെയ്തത്. സിപിഎം ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായതോടെ ചില തെറ്റായ പ്രവണതകള്‍ എന്ന പേരിലുള്ള കുറിപ്പാണ് ബ്രാഞ്ചുകളില്‍ അവതരിപ്പിക്കുന്നത്. പി. ജയരാജന് സ്വയം മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നുവെന്നാണ് സംസ്ഥാന സമിതിയുടെ കുറ്റപ്പെടുത്തല്‍.
ജനുവരി 27 മുതല്‍ 29 വരെ കണ്ണൂരില്‍ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തില്‍ ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വം വിമര്‍ശനം നേരിടേണ്ടി വരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."