വീട്ടു ജോലിക്കാരി കൊല ചെയ്യപ്പെട്ട സംഭവം; പ്രതി പിടിയില്‍
മട്ടാഞ്ചേരി: മട്ടാഞ്ചേരി ആനവാതിലില്‍ പാലിയം ലൈനില്‍ വീട്ടു ജോലിക്കാരിയായ വൃദ്ധ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി പൊലിസ് പിടിയിലായി. കര്‍ണാടക മൈസൂര്‍ സ്വദേശിയും കൊലനടന്ന വീട്ടിലെ സൂക്ഷിപ്പുകാരനുമായ മഹേന്ദ്രന്‍(60)നെയാണ് മൈസൂരില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. മങ്ങാട്ട് മുക്ക് സ്വദേശിനി ശകുന്തള(60)യെയാണ് തിങ്കളാഴ്ച വൈകിട്ട് പാലിയം ലൈനില്‍ നാല് മഠത്തില്‍ പാര്‍വ്വതിയുടെ വീട്ടില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന് ശേഷം മൈസൂരുവിലേക്ക് കടന്ന പ്രതിയെ ഇവിടത്തെ കുടുംബ വീട്ടില്‍ നിന്നാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മാനഭംഗ ശ്രമത്തിനിടയിലാണ് കൊല നടന്നതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഇവിടെ ജോലിക്കെത്തിയതാണ് ശകുന്തള. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മദ്യവുമായി ഇവിടെയെത്തിയ മഹേന്ദ്രന്‍ അത് കഴിക്കുകയും മദ്യ ലഹരിയില്‍ ശകുന്തളയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. കഴുത്തില്‍ കിടന്ന മാല തട്ടിയെടുക്കുവാനുള്ള ശ്രമമാണെന്ന് കരുതി ശകുന്തള എതിര്‍ക്കുകയും ഇതിനെ തുടര്‍ന്ന് മഹേന്ദ്രന്‍ ഇവരുടെ തല തറയില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു. തന്നെ കൊല്ലരുത് മാലയെടുത്തോളാന്‍ ശകുന്തള പറയുകയും ബഹളം വെക്കുകയും ചെയ്തതോടെയാണ് പ്രതി ഇവരുടെ വായില്‍ തുണി തിരുകിയത്. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് ശകുന്തളയെ കൊലപ്പെടുത്തുകയായിരുന്നു.
മുപ്പത് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ മഹേന്ദ്രന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഈ വീടിന്റെ സൂക്ഷിപ്പുകാരനാണ്.
സൈക്കിള്‍ റിക്ഷ ഓടിക്കുന്ന ഇയാള്‍ കുട്ടികളെ സ്‌ക്കൂളില്‍ കൊണ്ട് പോയി വിടുന്ന ജോലിയും ചെയ്തു വരുന്നു. സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എറണാകുളം അസി. കമ്മിഷണര്‍ കെ ലാല്‍ജി, മട്ടാഞ്ചേരി അസി. കമ്മിഷണര്‍ എസ് വിജയന്‍, പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി അനീഷ്, മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ സന്തോഷ്, മട്ടാഞ്ചേരി എസ്.ഐ.എം ദിനേശ് കുമാര്‍, എ.എസ്.ഐമാരായ ബിന്നു, അജയന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ആര്‍ അനില്‍കുമാര്‍, ലിഷാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."