ജില്ലയിലെ ബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ദേശീയ ഹരിത ട്രൈബൂണലിന്റെ വിധിയുടെ ഭാഗമായി ജില്ലയിലെ ബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്. പ്രശ്ന പരിഹാരമുണ്ടാകാത്ത പക്ഷം ജൂണ്‍ ആറ് മുതല്‍ ബസ് സര്‍വിസുകള്‍ നിര്‍ത്തിവച്ച് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനാണ് നീക്കം. ബസ് മേഖലയിലെ 2000ത്തോളം പേരെയും ലക്ഷക്കണക്കിന് യാത്രക്കാരെയും പ്രയാസപ്പെടുത്തുന്ന വിധി വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സംശയമുണ്ടെന്ന് ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് യോഗം വിലയിരുത്തി.
ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത് നിയമപരമായി ആര്.ടി.എ അനുവദിച്ചിട്ടുള്ള റൂട്ടുകളില്‍ നല്ല നിലയില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളെ തകര്‍ക്കാന്‍ മുന്‍പും ചില ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. 50 കാറുകള്‍ക്ക് ഒരു ബസ് എന്ന അനുപാതത്തില്‍ വന്നാല്‍ പരിസ്ഥിതി മേന്മ വര്‍ധിപ്പിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ അടിയന്തരമായി ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന് ഓര്ഗനൈസേഷന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി. മൊയ്തീന്‍കുട്ടി, പി.വി സുരേഷ് ബാബു, ടി.പി മുഹമ്മദ്, പി.കെ.പി അബ്ദുറഹ്മാന്, അശോകന് വെള്ളന്നൂര്‍, കെ.എം സതീഷ്, ഷെഹീര്‍ ശംസുദ്ദീന്‍, മുഹമ്മദ് ഇസ്ഹാഖ്, സി.ഡി അഭിലാഷ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."