ഗ്രാന്‍ഡ് മാഡ്രിഡ് ഫിനാലെ
മിലാന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് മാഡ്രിഡ് ടീമുകളുടെ ഡെര്‍ബി പോരാട്ടം. രണ്ടു തരത്തില്‍ തന്ത്രങ്ങളൊരുക്കുന്ന ടീമുകളുടെ പോരാട്ടം കൂടിയാണ് ഈ മത്സരം. സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ മാഡ്രിഡ് ആക്രമണ ഫുട്‌ബോളിന് ഊന്നല്‍ നല്‍കുന്ന ക്ലബാണ്. മത്സരത്തില്‍ അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതും റയലിന് തന്നെയാണ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിന് പ്രതീക്ഷ നല്‍കുന്ന താരം. പരുക്കു ഭേദമായതിനെ തുടര്‍ന്ന് ഫൈനലില്‍ കളിക്കുമെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ വാക്കുകള്‍ ടീമിന് ഒരുപാട് പ്രതീക്ഷ നല്‍കുന്നതാണ്. ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ 11 കളിയില്‍ നിന്ന് 16 ഗോളുകള്‍ സ്വന്തമാക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു ഗോള്‍ കൂടി സ്വന്തമാക്കിയാല്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന സ്വന്തം റെക്കോര്‍ഡിനൊപ്പമെത്താന്‍ താരത്തിന് സാധിക്കും. എന്നാല്‍ അത്‌ലറ്റിക്കോയ്‌ക്കെതിരേ ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. കഴിഞ്ഞ അഞ്ചു കളിയില്‍ അത്‌ലറ്റിക്കോയുടെ മികച്ച പ്രതിരോധത്തെ മറികടന്ന് ഗോള്‍ നേടാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിട്ടില്ല.
ടീമിലെ മറ്റു താരങ്ങളായ കരീം ബെന്‍സേമ,ഗാരെത് ബെയ്ല്‍ എന്നിവര്‍ പൂര്‍ണ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ നിറം മങ്ങി പോകുന്ന മത്സരങ്ങളില്‍ ഗോള്‍ നേടാന്‍ ബെയ്‌ലിന് സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ മുന്നേറ്റത്തില്‍ റയലിന് കാര്യമായ ആശങ്കകളൊന്നുമില്ല. എന്നാല്‍ മുമ്പ് റയലിന് ഏറ്റവുമധികം വലച്ചിരുന്നത് മികച്ച പ്രതിരോധ താരങ്ങളുടെ അഭാവമായിരുന്നു. എന്നാല്‍ കാസിമിറോയുടെ വരവ് ടീമിന്റെ പ്രതിരോധത്തെ സുശക്തമാക്കിയിട്ടുണ്ട്. അത്‌ലറ്റിക്കോ കോച്ച് സിമിയോണിയും താരത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. സെര്‍ജിയോ റാമോസും ചേരുന്നതോടെ റയലിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ എതിരാളികള്‍ പാടു പെടേണ്ടി വരും.
എന്നാല്‍ മറുവശത്ത് സിമിയോണിയുടെ ചാണക്യ തന്ത്രങ്ങളാണ് അത്‌ലറ്റിക്കോയെ മുന്നോട്ടു നയിക്കുന്നത്. പ്രതിരോധത്തിന്റെ പുതിയ പാഠങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കുന്നതോടൊപ്പം ഗോള്‍ നേടുക എന്ന തന്ത്രം കൂടിയാണ് സിമിയോണിയുടെ രീതികള്‍. മുന്നേറ്റത്തില്‍ ഫെര്‍ണാണ്ടോ ടോറസിന്റെയും അന്റോണിയോ ഗ്രിസ്മാന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. മോശം ഫോമില്‍ കളിച്ചിരുന്ന ടോറസ് കഴിഞ്ഞ 10 കളിയില്‍ നിന്ന് ആറു ഗോളുകള്‍ നേടിയാണ് തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി തിരിച്ചെത്തിയത്. ഇതില്‍ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയ്‌ക്കെതിരേ നേടിയ ഗോളും ഉള്‍പ്പെടും. സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരേ ഗോളാണ് ഗ്രിസ്മാനെ താരമാക്കുന്നത്. എന്നാല്‍ ഇവരേക്കാള്‍ കരുത്തരാണ് ടീമിലെ പ്രതിരോധ താരങ്ങള്‍. ഡീഗോ ഗോഡിന്‍, സ്റ്റെഫാന്‍ സാവിക്, ഹോസെ മരിയ ജിമെനെസ് എന്നിവര്‍ പ്രതിരോധ നിരയെ കരുത്തുറ്റതാക്കുന്നു. സീസണില്‍ ഇവരുടെ പ്രകടനമാണ് ടീമിനെ ഫൈനല്‍ വരെയെത്തിച്ചത്. ഇതോടൊപ്പം റയലിനെതിരേ കഴിഞ്ഞ 16 കളിയില്‍ ഏഴെണ്ണത്തില്‍ ജയിക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് സാധിച്ചിരുന്നു.
മത്സരത്തില്‍ റയല്‍ മാഡ്രിഡ് തങ്ങളുടെ 11ാം കിരീടം തേടിയാണിറങ്ങുന്നത്. 14ാം തവണയാണ് റയല്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. അതില്‍ പത്തിലും ജയിക്കാന്‍ ടീമിന് സാധിച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഒരേ രാജ്യത്ത് നിന്നുള്ള ടീമുകള്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."