നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി: ബാങ്ക് ജീവനക്കാര്‍ ഏഴിന് പണിമുടക്കും
കൊച്ചി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും. ബാങ്കിങ് മേഖലയിലെ സംഘടനകളായ ആള് ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്, ആള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്, ബാങ്ക് എംപ്ലോയിസ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിക്ഷേപം പിന്‍വലിക്കാന്‍ ശാഖകളിലും എ ടി എമ്മുകളിലുമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക,സഹകരണ ഗ്രാമീണ ബാങ്കുകളിലടക്കം എല്ലാ ശാഖകളിലും ആവശ്യത്തിന് നോട്ട് എത്തിക്കുക, നോട്ട് അസാധുവാക്കല്‍ പ്രക്രിയയില്‍ മരണപ്പെട്ട ബാങ്ക് ഇടപാടുകാരുടെയും ജീവനക്കാരുടെയും അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കില്‍ ഉന്നയിക്കുന്നുണ്ടെന്ന് യൂനിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പണിമുടക്കിന് മുന്നോടിയായി രണ്ടിന് സായാഹ്ന ധര്‍ണകളും ആറിന് റാലിയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ യൂനിയന്‍ നേതാക്കളായ സി.ഡി ജോസണ്‍, പി.പി വര്‍ഗീസ്, ജി. ശ്രീകുമാര്‍, പി. അരവിന്ദാക്ഷന്, എസ്.എസ് അനില്‍, കെ.എസ് രവീന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."