സംസ്ഥാനത്തെ ഐ.ടി.ഐകളെ സാങ്കേതിക മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി
ഏറ്റുമാനൂര്‍: ലോകത്തെവിടെയും വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ കഴിയുന്ന സാങ്കേതിക മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാനത്തെ ഐ.ടി.ഐകളെ മാറ്റുമെന്നു തൊഴില്‍-നൈപുണ്യ വികസന-എക്‌സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ഐ.ടി.ഐയെ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനവും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മികവുയര്‍ത്തുന്നതിനു സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് സംവിധാനം കൊണ്ടുവരും. ഇതിന്റെ ആദ്യപടിയായാണു സംസ്ഥാനത്തെ 10 ഐ.ടി.ഐകളെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡില്‍ (കിഫ്ബിയില്‍) ഉള്‍പെടുത്തി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഐ.ടി.ഐയിലെ കുട്ടികള്‍ക്കു തൊഴിലവസരമുണ്ടാക്കാന്‍ ഭാരത് പെട്രോളിയവുമായി ധാരണയായിട്ടുണ്ട്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും രണ്ടുവര്‍ഷത്തിനുള്ളില്‍ എല്‍.പി മുതല്‍ പ്ലസ്ടു വരെ സ്മാര്‍ട്ട് ക്ലാസ്മുറികള്‍ സജ്ജമാകും. സാങ്കേതിക മികവുയര്‍ത്തുന്നതിന് ഏറ്റുമാനൂര്‍ ഐ.ടി.ഐ സമര്‍പ്പിച്ചത് 30 കോടിയുടെ പദ്ധതിയാണ്. എല്ലാ ഐ.ടി.ഐകളുടെ പ്രപോസലുകളും സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്. ശുചിമുറികളുടെ നിര്‍മാണം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
നിര്‍മിതി കേന്ദ്രം സബ് എന്‍ജിനീയര്‍ എം.എസ് ഗിരിജ, സലാസ് ചാക്കോ, നിര്‍മാണ കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരെ മന്ത്രി ആദരിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം സജി തടത്തില്‍, ഗ്രാമപഞ്ചായത്തംഗം ജിജി ജോയി, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഗണേശ്, വ്യാവസായിക പരിശീലന വകുപ്പിന്റെ അഡിഷനല്‍ ഡയരക്ടര്‍ ബി. ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ കെ.വി വിജയന്‍ പ്രസംഗിച്ചു. മിനിമോള്‍ ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."