മാലിന്യ സംഭരണ കേന്ദ്രമായി അകത്തേത്തറ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്
അകത്തേത്തറ: ഖരമാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ ടണ്‍ കണക്കിന് മാലിന്യം കുമിഞ്ഞുകൂടുന്നു. ആരോഗ്യഭീഷണിയുയര്‍ത്തുന്ന മാലിന്യസംസ്‌കരണകേന്ദ്രം അടച്ചുപൂട്ടണമെന്ന് സമീപവാസികള്‍. അകത്തേത്തറ ശാസ്താ നഗറില്‍ ഹില്‍വ്യൂ ഗാര്‍ഡന് സമീപത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്.
സംസ്‌കരണകേന്ദ്രത്തിന് പുറത്തും മാലിന്യം ചിതറിക്കിടക്കുകയാണ്. മഴ പെയ്തതോടെ വൃത്തിഹീനമാണ് പ്രദേശം. രൂക്ഷമായ ദുര്‍ഗന്ധവുമുണ്ട്. കൊതുകും ഈച്ചയും ഇവിടെ പെരുകിക്കഴിഞ്ഞു.
ഹില്‍വ്യൂ ഗാര്‍ഡനില്‍ ജനവാസമേഖലയോട് ചേര്‍ന്നാണ് പഞ്ചായത്തിലെ ഒരേയൊരു മാലിന്യസംസ്‌കരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ മാലിന്യവും സംസ്‌കരിക്കുന്നത് ഇവിടെയാണ്.
സംസ്‌കരണകേന്ദ്രത്തിന് സമീപം 80ഓളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും കേന്ദ്രത്തിലെ വൃത്തിഹീനമായ ചുറ്റുപാടും മൂലം സമീപവാസികളില്‍ ഏറെപേര്‍ക്കും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ പിടിപെട്ടുകഴിഞ്ഞു. കുട്ടികളെ ത്വക്‌രോഗവും അലട്ടുന്നുണ്ട്.
ശരീരം ചൊറിഞ്ഞുപൊട്ടി വ്രണങ്ങളായിട്ടാണ് കുട്ടികളില്‍ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ആരോഗ്യത്തിന് ഭീഷണിയായതോടെ മാലിന്യസംസ്‌കരണകേന്ദ്രം അടച്ചു പൂട്ടണമെന്നും ജനവാസമേഖലയക്ക് പുറത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഹില്‍വ്യുഗാര്‍ഡന്‍ വെല്‍ഫെയര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ പ്ലാസ്റ്റിക് കത്തിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു.
മാലിന്യസംസ്‌കരണകേന്ദ്രം മാറ്റിസ്ഥാപിക്കുന്ന കാര്യത്തിലും നടപടിയായിട്ടില്ല. മാത്രവുമല്ല, പഞ്ചായത്തിലെ മാലിന്യം ഇപ്പോഴും വാഹനങ്ങളില്‍ ശേഖരിച്ച് സംസ്‌കരണകേന്ദ്രത്തിലേക്ക് എത്തിക്കുന്നുമുണ്ട്.
ഇതിനുപുറമേ, വിവിധ മേഖലകളില്‍നിന്ന് ആശുപത്രമാലിന്യമുള്‍പ്പെടെയുള്ളവ ചിലര്‍ രാത്രിയില്‍ ഇവിടെ തള്ളി കടന്നുകളയുന്നതും പതിവായിട്ടുണ്ട്. അതേസമയം സംസ്‌കരണകേന്ദ്രത്തില്‍ ഇപ്പോള്‍ പ്ലാസ്റ്റിക് കത്തിക്കാറില്ലെന്നും പ്ലാസ്റ്റിക് പൊടിക്കുന്ന പ്രവൃത്തിയാണ് നടത്തുന്നതെന്നുമാണ് സംസ്‌കരണകേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."