കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് ഡി.വൈ.എഫ്.ഐ കൊടിമരം നാട്ടി: പ്രതിഷേധവുമായി യൂത്ത്‌ലീഗ്
മണ്ണാര്‍ക്കാട്: കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിച്ചു. ദേശീയ പാതയോട് ചേര്‍ന്നുളള മണ്ണാര്‍ക്കാട് പളളിപ്പടി ജങ്ഷനിലാണ് ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഒഴിപ്പിച്ചെടുത്ത സ്ഥലത്ത് ഡി.വൈ.എഫ്.ഐകാര്‍ കൊടിമരം നാട്ടിയത്. കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃതമായ മത്സ്യകച്ചവടം നടത്തിയത് പ്രതിഷേധത്തിനിടയാക്കുകയും കച്ചവടക്കാര്‍ക്കെതിരേ മണ്ണാര്‍ക്കാട് പൊലീസ് കേസെടുക്കുകയും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ഡി.വൈ.എഫ്.ഐയുടെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചാണ് തിങ്കളാഴ്ച വൈകുന്നേരം ഇവിടെ കൊടിമരം നാട്ടിയത്. കൊടിമരം നാട്ടുന്നതിനെതിരെ നേരത്തെ ഇവിടെ കച്ചവടം ചെയ്യുകയും, ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കയ്യേറ്റമാണെന്ന് കണ്ടെത്തി ഒഴിപ്പിക്കുകയും ചെയ്തവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. മണ്ണാര്‍ക്കാട് എസ്.ഐ ഷിജു.കെ എബ്രഹാം, അഡീഷണല്‍ തഹസില്‍ദാര്‍ ജോസഫ്, വില്ലേജ് ഓഫിസര്‍ അരവിന്ദാക്ഷന്‍ സ്ഥലത്തെത്തി.
കയ്യേറ്റം ഒഴിപ്പിച്ച സ്ഥലത്ത് കൊടി മരം സ്ഥാപിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടെങ്കിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തയ്യാറായില്ല. കൊടിമരം സ്ഥാപിക്കുന്നത് ഭാവിയിലെ അനധികൃത കയ്യേറ്റം തടയാനാണെന്നും, റോഡ് വികസനം നടക്കുന്ന സമയത്ത് കൊടിമരം എടുത്തുമാറ്റാമെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കൊടിമരം സ്ഥാപിച്ചു. എന്നാല്‍ കൊടിമരം സ്ഥാപിക്കുന്നതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും യൂത്ത്‌ലീഗും നാളെ കൊടിമരം സ്ഥാപിക്കുമെന്നും യൂത്ത്‌ലീഗ് നേതാക്കളും പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഭാഗികമായി ഗതാഗത തടസമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."