നയതന്ത്രത്തിലെ അജയ്യന്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ കൗണ്‍സിലില്‍ നിന്നു തുടങ്ങി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലെ ഇന്ത്യയുടെ സ്ഥിരം ശബ്ദമായി മാറിയ അപൂര്‍വ രാഷ്ട്രീയചരിത്രമാണു ഇ അഹമ്മദിന്റേത്. രാഷ്ട്രീയക്കാരില്‍ അത്യപൂര്‍വം പേര്‍ക്കു മാത്രം ലഭിക്കാവുന്ന എണ്ണിയാലൊടുങ്ങാത്ത പദവികള്‍ അലങ്കരിച്ച അദ്ദേഹം സഞ്ചരിക്കാത്ത ലോക രാജ്യങ്ങളില്ല. സംസ്ഥാന നിയമസഭയിലും ലോക്‌സഭയിലും ഏറ്റവുമധികം കാലം പ്രവര്‍ത്തിച്ച ബഹുമതിയും ഈ കണ്ണൂരുകാരനു തന്നെ. അറിയപ്പെടുന്ന നയതന്ത്രജ്ഞന്‍ കൂടിയായ അഹമ്മദിന്റെ നയതന്ത്ര മികവിന്റെ വിജയം കൂടിയായിരുന്നു 1979-80 കാലഘട്ടത്തില്‍ ഇറാഖ് യുദ്ധകാലത്ത് അവിടെ കുടുങ്ങിയ ഇന്ത്യക്കാരുടെ മോചനം. അറബ് രാഷ്ട്രതലവന്‍മാരുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന അഹമ്മദ് വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങിനു ക്ഷണിക്കപ്പെടുന്ന ചുരുക്കം ലോക മുസ്‌ലിം നേതാക്കളില്‍ ഒരാളായിരുന്നു.
1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ദൂതനായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതു മുതലാണ് അഹമ്മദും അറബ് രാഷ്ട്ര തലവന്‍മാരുമായുള്ള സൗഹൃദം തുടങ്ങുന്നത്. 2005 ജൂണില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലെ സാമ്പത്തിക വികസന ചര്‍ച്ചയിലാണ് അഹമ്മദ് രാജ്യത്തെ പ്രതിനിധീകരിച്ച് ആദ്യം പങ്കെടുത്തത്. 2005ല്‍ കെനിയയിലെ നെയ്‌റോബിയില്‍ സുഡാന്‍ സമാധാന കരാര്‍ ഒപ്പിടല്‍ ചടങ്ങ്, 2006 മാര്‍ച്ചില്‍ സുഡാനില്‍ നടന്ന എട്ടാം അറബ് ലീഗ് ഉച്ചകോടി, 2005 നംവംബറില്‍ ധാക്ക വേദിയായ സാര്‍ക്ക് ഉച്ചകോടിയിലെ 26ാം സെഷന്‍ എന്നിവിടങ്ങളില്‍ അഹമ്മദ് ഇന്ത്യന്‍ മുഖമായി.
2007ല്‍ ടുണീഷ്യയില്‍ നടന്ന ഇന്ത്യ-ടുണീഷ്യ ജോയിന്റ് കമ്മിഷന്‍ യോഗത്തിനും അഹമ്മദ് എത്തിയിരുന്നു. 1992 മുതല്‍ 1997 വരെയാണു ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 1994 മുതല്‍ 2001 വരെയുള്ള കാലയളവില്‍ പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ഉച്ചകോടിയില്‍ അഹമ്മദ് ഇന്ത്യയുടെ സാന്നിധ്യമറിയിച്ചു. തീവ്രവാദത്തിനെതിരേ എന്നും ശക്തമായ നിലപാട് കൈക്കൊണ്ട അഹമ്മദ് 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ പ്രസംഗിച്ച ശേഷമാണു ഭീകരസംഘടനയായ ജമാഅത്തുദ്ദവയെ നിരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."