പട്ടികവിഭാഗക്കാര്‍ക്ക് നല്‍കുന്ന ഭൂമി വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തണം: നിയമസഭാ ക്ഷേമസമിതി
കൊല്ലം: പട്ടികജാതിവര്‍ഗ വിഭാഗക്കാര്‍ക്ക് നല്‍കുന്ന ഭൂമി വാസയോഗ്യമാണെന്ന് അധികൃതര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ വിതരണം ചെയ്യാവൂ എന്ന് നിയമസഭാ പട്ടികജാതിവര്‍ഗ ക്ഷേമസമിതി ചെയര്‍മാന്‍ ബി സത്യന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന പ്രത്യേകയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വഴിപോലുമില്ലാത്തതും ഭവന നിര്‍മാണത്തിന് ഉപയോഗിക്കാനാവാത്ത ചെളിക്കുണ്ടുകളാണ് പട്ടിവിഭാഗക്കാര്‍ക്ക് വാങ്ങി നല്‍കുന്നത്. ഇത് ഇനി അനുവദിക്കാനാവില്ല. പട്ടികജാതി വികസന ഓഫീസര്‍, ജനപ്രതിനിധി, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അധികൃതരും വില്ലേജ് ഓഫീസര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണം. തുടര്‍ വര്‍ഷങ്ങളില്‍ ഇവര്‍ക്ക് ഭവന നിര്‍മാണത്തിന് ഈ സ്ഥലം ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സമിതി അംഗങ്ങളായ എന്‍ എ നെല്ലിക്കുന്ന്, കോവൂര്‍ കുഞ്ഞുമോന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരും ജില്ലാ കലക്ടര്‍ മിത്ര റ്റി, ഡെപ്യൂട്ടി കലക്ടര്‍ വര്‍ഗീസ് പണിക്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മുന്‍പ് ലഭിച്ച 12 കേസുകളാണ് സമിതി പരിഗണിച്ചത്. വഴി കെട്ടിയടച്ചത്, വായ്പ എഴുതിത്തള്ളല്‍, ആശ്രിത നിയമനം ലഭിക്കാത്തത്, വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കല്‍ തുടങ്ങിയ പരാതികളായിരുന്നു ഏറെയും. പരാതിയില്‍ കമ്മീഷന്റെ വിശദീകരണത്തോടെ ഉചിതമായ തീരുമാനമെടുക്കാന്‍ അതത് വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പട്ടികവിഭാഗക്കാരുടെ ഭൂമിതട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ പൊലീസ്, റവന്യൂ അധികൃതര്‍ ഗൗരവത്തോടെ കാണമെന്നും ഇത്തരം കേസുകളില്‍ ശകതമായ നടപടി സ്വീകരിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എം എല്‍ എ ആവശ്യപ്പെട്ടു.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പരാതികളില്‍ ബാങ്കുകളുടെ ഭാഗത്തുനിന്നും പട്ടിവിഭാഗക്കാരോട് അനുഭാവ പൂര്‍വമായ സമീപനം ഉണ്ടാവണമെന്ന് എന്‍.എ നെല്ലിക്കുന്നും ആവശ്യപ്പെട്ടു. പുതിയതായി 43 പരാതികള്‍ ലഭിച്ചു.
യോഗശേഷം സമിതി അമൃതകുളത്തെ പട്ടികജാതിവര്‍ഗ പ്രീമെട്രിക്, പോസ്റ്റുമെട്രിക് ഹോസ്റ്റലുകള്‍ സന്ദര്‍ശിച്ചു. ഹോസ്റ്റലിലെ കുട്ടികളുമായി ആശയ വിനിമയം നടത്തിയ സമിതി അംഗങ്ങള്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. പഠനാന്തരീക്ഷത്തിന് വിപരീതമായ കാര്യങ്ങള്‍ ഒന്നും ഹോസ്റ്റലില്‍ ഇല്ലെന്ന് ഉറപ്പുവരുത്തി. ഹോസ്റ്റലിലെ ശുചിമുറി, പഠന മുറി, അടുക്കള എന്നിവയും സമിതി പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."