കര, കടല്‍, ആകാശം; പഠനയാത്ര ശ്രദ്ധേയമായി
എടപ്പാല്‍: പഠനയാത്രയുടെ അനന്ത സാധ്യതകളറിഞ്ഞു നെല്ലിശ്ശേരി എ.യു.പി സ്‌കൂള്‍ പി.ടി.എ സംഘടിപ്പിച്ച കര, കടല്‍, ആകാശം പഠനവിനോദയാത്ര വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. നാട്ടിന്‍പുറങ്ങളിലെ കുട്ടികളുടെ സ്വപ്നങ്ങളിലൊന്നായ ആകാശ യാത്ര നെടുമ്പാശ്ശേരിയില്‍ നിന്ന് കോഴിക്കോട് അന്താരാഷട്ര വിമാനത്താവളത്തിലേക്കായിരുന്നു.
ബേപ്പൂരില്‍ ജലയാത്രക്കും സൗകര്യമൊരുക്കിയതോടെ ഒരേദിവസം കരയിലും കടലിലും ആകാശത്തും യാത്ര ചെയ്യാനുള്ള ആഗ്രഹമാണ് സഫലമായത്. സംഘത്തിന്റെ അഭ്യര്‍ഥന മാനിച്ച് ബഹ്‌റൈനിലേക്ക് അന്താരാഷട്ര സര്‍വീസ് നടത്തുന്ന വിമാനത്തിന്റെ കോക്പിറ്റിലെ സജ്ജീകരണങ്ങളുള്‍പ്പടെ കാണാന്‍ കുട്ടികള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ അനുവാദം നല്‍കി. കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.വി സുനില്‍, ഉദ്യോഗസ്ഥനായ കെ ജയകൃഷ്ണന്‍ എന്നിവര്‍ വിമാനത്താവളത്തിന്റെയും വിമാനയാത്രയുടേയും സാങ്കേതികവശങ്ങള്‍ യാത്രാസംഘത്തോട് വിശദീകരിച്ചു.
കോഴിക്കോട് പ്ലാനറ്റേറിയവും ബേപ്പൂരിലെ പുലിമുട്ടും തുറമുഖവും സന്ദര്‍ശിച്ച സംഘം യാത്രക്കിടെ നടത്തിയ സ്‌നേഹസംഗമം വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കഴുങ്കില്‍ മജീദ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എം വി അഷ്‌റഫ് അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ അടാട്ട് വാസുദേവന്‍, വി.ഇബ്രാഹിം, കെ പ്രമോദ്, പി.കെ നൗഫല്‍, സി.വി ധനലക്ഷ്മി, ഇ.ടി സിന്ധു, എന്‍.വി മിനി, പി നൂര്‍ജഹാന്‍, എ ജലീന, പി രാഖി, എം.എം മുഹമ്മദ് മുഫീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."