മുത്വലാഖ് ബില്ലിനെതിരേ വനിതാ ലീഗ് ദേശീയ പ്രചാരണം നടത്തും
കോഴിക്കോട്: ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് തുരങ്കം വയ്ക്കുന്ന മുത്വലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കരുതെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബീന റഷീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 12ന് തിരുച്ചിറപ്പള്ളിയില്‍ ചേരുന്ന ദേശീയ കമ്മിറ്റി അന്തിമരൂപം നല്‍കും. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭാംഗങ്ങളെ നേരില്‍ കാണും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.രാജ്യസഭാംഗങ്ങള്‍ ബില്ലിനെ തള്ളിക്കളയണമെന്ന് നൂര്‍ബീന റഷീദ് ആവശ്യപ്പെട്ടു.
മുത്വലാഖ് ബില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കുന്നില്ല. മറിച്ച് അവരെ നിരാലംബരാക്കുകയാണ് ചെയ്യുന്നത്. ബജറ്റ് സെഷനില്‍ ബില്‍ വീണ്ടും കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ സാഹചര്യത്തിലാണ് വനിതാലീഗ് വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് പൊതുസമൂഹത്തിന്റെ മുന്നിലേക്ക് ഇറങ്ങുന്നത്.
മുത്വലാഖ് ചൊല്ലിയാല്‍ വിവാഹബന്ധം വേര്‍പെടുന്നില്ലെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിരിക്കെ നിയമത്തിലൂടെ നിരപരാധികളെ ജയിലിലടയ്ക്കുന്ന രീതി അംഗീകരിക്കാനാവില്ല. വിവാഹമോചനം ക്രിമിനല്‍ കുറ്റമായി കാണുന്നത് ആശ്വാസ്യമല്ല.
വിവാഹജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുടുബപ്രശ്നമായാണ് കാണേണ്ടത്. നിയമവ്യവസ്ഥ പോലും അങ്ങനെയാണ് കാണുന്നത്. ഇത്തരം വസ്തുതകളെല്ലാം കാറ്റില്‍ പറത്തുന്ന വിധമാണ് മുത്വലാഖ് ബില്ലിന് രൂപം നല്‍കിയിട്ടുള്ളതെന്നും നൂര്‍ബീന പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വനിതാലീഗ് ദേശീയ ജോ. സെക്രട്ടറി ജയന്തി രാജനും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."