തട്ട് മുതല്‍ തട്ടുകട വരെ
തൃശൂര്‍: ശക്തന്റെ മണ്ണിലെ പൂരം പെയ്തിറങ്ങാന്‍ രണ്ട് നാള്‍ ശേഷിക്കെ കലാപൂരം അതിന്റെ പാര്യമ്യത്തിലാണ്. തട്ടയില്‍ നില്‍ക്കുന്ന നര്‍ത്തകി മുതല്‍ തട്ടുപൊളിപ്പന്‍ അടവുകളുമായി തെരുവ് കച്ചവടക്കാര്‍ വരെ കടുത്ത മത്സരത്തിലാണ്.
മണവാട്ടിയേയുംകൊണ്ടോടുന്ന ചാനലുകാരനും മന്ത്രിയേയും കൊണ്ടോടുന്ന പത്രക്കാരനുമൊക്കെ കൗതുകക്കാഴ്ച തന്നെ. ചിന്നപ്പും ചിന്‍ഡൗണുമായി മീഡിയാ സെന്ററില്‍ നിശ്ചല ഛായാഗ്രാഹകന്‍മാരുടെ മേളപ്പെരുക്കം... വിറ്റു തീരാത്ത പ്രസീദ്ധീകരണങ്ങളും സിഡികളുമൊക്കെ ചിലവാക്കാനുള്ള ശ്രമത്തിലാണ് പ്രസിദ്ധീകരണ സ്റ്റാളുകളിലെ കൈകാര്യക്കാര്‍.
.ഊട്ടുപുരയിലും പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. തിരുമേനിയും സംഘവും ശരിക്കും വിയര്‍ക്കുന്നു. ഭക്ഷണം കഴിച്ചവരുടെ സംഖ്യ ഇപ്രാവശ്യം റെക്കോര്‍ഡ് കടക്കുമൊ എന്നാണ് സംഘാടകരുടെ ആധി. കണക്കുപിഴച്ചാല്‍ പിന്നെ പഴി കേള്‍ക്കേണ്ടി വരും, ചിലപ്പോള്‍ തൊഴിയും....
സംഘതി ഇങ്ങിനെയൊക്കെയാണെങ്കിലും ഒരു മത്സരവുമില്ലാത്ത ചിലരുമുണ്ടിവിടെ, തുടങ്ങുമ്പോള്‍ തുടങ്ങും തീരുമ്പോള്‍ തീരുമെന്ന ആലസ്യത്തില്‍ മത്സരക്രമം നിയന്ത്രിക്കുന്നവരാണവര്‍. രാവിലെ തുടങ്ങേണ്ട മത്സരം ഇരുട്ടി തുടങ്ങിയാലും അവരുടെ മുഖത്ത് ഒരോ ഭാവം. താരകവും പൂനിലാവുമൊക്കെ പോയി പകലോന്‍ വന്നാലും തീരാത്ത മത്സരങ്ങളാണ് ചില വേദിയില്‍.
കാരണമായി പറയുന്നത് അപ്പീലും പിന്നെ പിടിപ്പുകേടും. വിടര്‍ന്ന കണ്ണുകളുമായി ചായം തേച്ചവര്‍ കൂമ്പിയടയുന്ന കണ്ണുകളുമായി തട്ടയില്‍കയറി തട്ട്കിട്ടി 'നിലവിളി ശബ്ദവുമിട്ട് 'കൊണ്ടുപോകുന്ന കാഴ്ച മൂന്ന് നാളും കണ്ടു. നാട്ടിടവഴികളിലൂടെ ഒഴുകിയെത്തുന്ന ഘടകപൂരങ്ങളെ ഹര്‍ഷാരവത്തോടെ വരവേല്‍ക്കുന്ന തൃശ്ശൂരുകാരന്‍ വടക്കുന്നാഥനു മുന്നിലെ ഈ കലാപൂരത്തേയും നെഞ്ചേറ്റിക്കഴിഞ്ഞു എന്നതില്‍ ആര്‍ക്കമൊരു സംശയവുമില്യാ....
'അഞ്ചു'പൂരങ്ങളൊരുക്കിയ പൂരക്കാഴ്ച കാണാന്‍ രാവിലെതന്നെ വിദേശികളുള്‍പ്പെടെയുള്ള പൂരപ്രേമികളെത്തി. കലോത്സവം മൂന്നാംദിനം പിന്നിടുമ്പോള്‍ സാമൂതിരിയുടെ നാട്ടുകാര്‍ മൂന്നേറ്റം തുടരുകയാണ്... തൊട്ടു പിന്നാലെ നമ്മുടെ ഗഡികളുമുണ്ട്....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."