ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; സാമ്പത്തിക മേഖലക്ക് കനത്ത വെല്ലുവിളി
മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിക്കുന്നത് രാജ്യത്തെ സാമ്പത്തിക മേഖലക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. കഴിഞ്ഞവര്‍ഷം ബാരലിന് 50 ഡോളറായിരുന്നത് ഈ വര്‍ഷം ആദ്യ ആഴ്ചയില്‍ 68 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ അസംസ്കൃത എണ്ണ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളുടെ സാമ്പത്തികമേഖലക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുക. എണ്ണ ഇന്ധനമായി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെയും ഇത് സാരമായി ബാധിക്കും.
വിലനിലവാരം ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അസംസ്കൃത എണ്ണക്ക് ബാരലിന് 80 മുതല്‍ 90 ഡോളര്‍ വരെ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയില്‍ എണ്ണയുടെ ആവശ്യം വര്‍ധിച്ചതോടെ എണ്ണ ഉല്പാദക രാജ്യങ്ങളായ ഒപെക്കും റഷ്യയും ഉല്പാദനം കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമായത്.
ക്രൂഡ് ഓയില്‍ വില ബാരലിന് 40 ഡോളര്‍ ആയിരുന്നപ്പോള്‍തന്നെ ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്ന നിലയിലായിരുന്നു. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യയില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ആശങ്കയും ആര്.ബി.ഐ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."