പോരൂര്‍ പഞ്ചായത്തിലെ ഹാഡ പദ്ധതിയിലെ ക്രമക്കേട്: വിജിലന്‍സ് സംഘം പരിശോധന നടത്തി
വണ്ടൂര്‍: പോരൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ ഹാഡ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് പരിശോധന നടത്താന്‍ വിജിലന്‍സ് സംഘമെത്തി. കോഴിക്കോട് വിജിലന്‍സ് സി.ഐ പ്രവീണ്‍, എ.എസ്.ഐ ശ്രീകുമാര്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കെത്തിയത്. ഹാഡ പദ്ധതിയില്‍ പഞ്ചയത്തില്‍ നടപ്പാക്കിയ മുഴുവന്‍ പണികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നു കാണിച്ച് അഴിമതി വിരുദ്ധ മുന്നണി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ സംഘം കാക്കത്തോട്ടിലെ പാലത്തിങ്ങല്‍ ചെക്ക്ഡാം, ചെറുകോട് കുടിവെള്ള പദ്ധതി, തത്തംപറമ്പ് കുടിവെള്ള പദ്ധതി, കാരപ്പുറം, ഞാറപ്പുറം പദ്ധതി, കാരക്കോട് അമൃതവര്‍ഷ പദ്ധതി എന്നിവടങ്ങളിലെത്തി തെളിവുകള്‍ ശേഖരിച്ചു. വണ്ടൂര്‍ ബ്ലോക്കിനു കീഴില്‍ പോരൂരില്‍ എട്ടു കോടി 22 ലക്ഷത്തി മുപ്പത്തിയേഴായിരം രൂപയുടെ പണികളാണ് ഹാഡ പദ്ധതിയില്‍ നടപ്പാക്കിയിട്ടുള്ളത്. നേരത്തെ മറ്റു പദ്ധതികളില്‍ പൂര്‍ത്തീകരിച്ച പണികളില്‍ പേരുമാറ്റിയും നാമ മാത്രമായ പണികള്‍ നടത്തിയുമെല്ലാം വന്‍ തട്ടിപ്പ് നടന്നതായാണ് പരാതി. ഒരു പദ്ധതിക്കു തന്നെ ഒന്നിലധികം പ്രവര്‍ത്തികളുടെ പേരില്‍ പണം എഴുതിയെടുത്തതായും കണ്ടെത്തിയിരുന്നു. കാര്യമായ പണികള്‍ നടത്താത്തതു മൂലം പല പദ്ധതികളും ഇപ്പോള്‍ തന്നെ ഉപയോഗ ശൂന്യമായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."