പോസ്റ്റല്‍ ജീവനക്കാരുടെ നിരാഹാര സമരം അവസാനിച്ചു
തൊടുപുഴ : വര്‍ക്ക് ലോഡ് കുറഞ്ഞതിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ച പോസ്റ്റല്‍ സൂപ്രണ്ടിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പോസ്റ്റല്‍ ജീവനക്കാര്‍ ജില്ലാ സൂപ്രണ്ട് ഓഫീസ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു.
ചൊവ്വാഴ്ച ആരംഭിച്ച നിരഹാര സമരം നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയിസ് യൂണിയന്‍ ജില്ലാ ഭാരവാഹികള്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലുമായി നടത്തിയ ചര്‍ച്ചക്കെടുവിലാണ് ശമ്പളം വെട്ടിക്കുറക്കല്‍ നടപടി മരവിപ്പിക്കാന്‍ ഉത്തരവായത്. പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഉത്തരവ് കൈപ്പറ്റാന്‍ ജില്ലാ ഫോസ്റ്റല്‍ സൂപ്രണ്ട് സ്ഥലത്തില്ലാതിരുന്നതും വിവാദമായി. സൂപ്രണ്ടില്ലാതെ ഉത്തരവ് നടപ്പിലാക്കുവാന്‍ സാധിക്കില്ലെന്ന നിലപാടാണ് അസിസ്റ്റന്റ് ഫോസ്റ്റല്‍ സൂപ്രണ്ട് സ്വീകരിച്ചത്.
ഇതേ തുടര്‍ന്ന് അസിസ്റ്റന്റ പോസ്റ്റല്‍ സൂപ്രണ്ടിനെ ജീവനക്കാര്‍ തടഞ്ഞ് വയ്ക്കുകയും തുടര്‍ന്ന് പോസ്റ്റല്‍ സൂപ്രണ്ടുമായി ഫോണില്‍ സംസാരിച്ച് ഉത്തരവ് നടപ്പിലാക്കുകയുമായിരുന്നു. ഇടുക്കി ഡിവിഷണല്‍ ഓഫീസിന്റെ കീഴില്‍ വരുന്ന 80 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, പോസ്റ്റ്മാന്‍ അടക്കമുള്ളവരുടെ ശമ്പളമാണ് വെട്ടിക്കുറയ്ക്കാന്‍ നടപടി സ്വീകരിച്ചത്.
മണിയോഡര്‍, സ്റ്റാമ്പ് വില്‍പ്പന, സേവിംഗ് ബാങ്ക് ഡിപ്പോസിറ്റ്, റിക്കറിംഗ് ഡിപ്പോസിറ്റ്, ഗ്രാമീണ പോസ്റ്റല്‍ ഇന്‍ഷ്വറന്‍സ്, രജിസ്‌ട്രേഡ് ലെറ്ററുകളുടെ എണ്ണം, ഓര്‍ഡിനറി ലെറ്ററുകളുടെ എണ്ണം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് വര്‍ക്ക് ലോഡ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകൂട്ടുന്നത്. വര്‍ക്ക് ലോഡിന്റെ കാര്യത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും മുമ്പെങ്ങും ശമ്പളം വെട്ടികുറച്ചിരുന്നില്ല. എന്നാല്‍ ഇത്രയും നാളായിട്ടും കേരളത്തിലെ ഒരു ഡിവിഷണിലും ചെയ്യാത്ത നടപടിയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇന്‍ഡ്യയില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒഴികെ ഒരു കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന ശമ്പളം വെട്ടികുറക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."