അണ്ടര്‍ 19 ക്രിക്കറ്റ്: ഇന്ത്യക്ക് ജയം; പരമ്പരയില്‍ മുന്നില്‍
മുംബൈ: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനു വിജയം. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടു വിജയങ്ങളോടെ ഇന്ത്യ 2-1ന്റെ ലീഡ് സ്വന്തമാക്കി. ഏഴു വിക്കറ്റിനാണു ഇന്ത്യ മൂന്നാം പോരാട്ടത്തില്‍ വിജയം കണ്ടത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ 215 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 44.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 216 റണ്‍സെടുത്താണു വിജയിച്ചത്.
സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഓപണര്‍ സുബമന് ഗില്ലിന്റെ ബാറ്റിങാണു ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 17 ഫോറും രണ്ടു സിക്സും പറത്തി താരം 138 റണ്‍സെടുത്തു. ഗില്ലിനൊപ്പം 37 റണ്‍സുമായി പുറത്താകാതെ നിന്നു ഹര്‍വിക് ദേശായി ഇന്ത്യക്ക് വലിയ നഷ്ടങ്ങളില്ലാതെ വിജയമൊരുക്കി.
നേരത്തെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ രാഹുല്‍ ചഹറിന്റേയും മൂന്നു വിക്കറ്റുകള്‍ പിഴുത അങ്കുല്‍ റോയിയുടേയും ബൗളിങാണു ഇംഗ്ലണ്ടിനെ കുഴക്കിയത്. ഇംഗ്ലീഷ് നിരയില്‍ ഡെല്‍റെ റോലിന്സ് (96), ജോര്‍ജ് ബ്രാറ്റ്ലെറ്റ് (55) എന്നിവര്‍ മാത്രമാണു പിടിച്ചുനിന്നത്. പരമ്പരയിലെ നാലാം മത്സരം നാളെ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."