നടന്നത് സാങ്കേതിക സര്‍വേ മാത്രം; ജില്ലയില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പായില്ല
മലപ്പുറം: പൊതുജനാരോഗ്യ ചികിത്സാ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഇ-ഹെല്‍ത്ത് ' പദ്ധതി ജില്ലയില്‍ തുടങ്ങിയില്ല. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ജില്ലയില്‍ പദ്ധതി തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും തുടങ്ങിയിട്ടില്ല.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആലപ്പുഴ, കാസര്‍കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നീ ഏഴു ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ തിരുവനന്തപുരത്തു മാത്രമാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി ചികിത്സാ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുകയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രീകൃത കംപ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
പദ്ധതി നടപ്പാക്കുന്നതിനുള്ള സാങ്കേതിക സര്‍വേ മാത്രമാണ് ജില്ലയില്‍ ഇതുവരെയായി നടന്നിട്ടുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. പദ്ധതി ജില്ലയില്‍ ആരംഭിക്കാന്‍ ഒന്നര വര്‍ഷമെങ്കിലുമെടുക്കും.
ജില്ലയില്‍ ഇ-ഹെല്‍ത്ത് പദ്ധതി എന്നാരംഭിക്കുമെന്നതു സംബന്ധിച്ച യാതൊരു വ്യക്തതയും സര്‍ക്കാരിന്റെ പക്കലില്ല. വീടു വീടാന്തരം ശേഖരിക്കുന്ന വിവരങ്ങളും ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങളും ഡിജിറ്റലായി ശേഖരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ടാബ്ലെറ്റ് കംപ്യൂട്ടര്‍ ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ വ്യക്തികളുടെ ആധാര്‍, വോട്ടര്‍ ഐ.ഡി തുടങ്ങിയ വ്യതിരിക്ത നമ്പര്‍ മുഖേന ബന്ധിപ്പിച്ച് സമഗ്രത ഉറപ്പാക്കും. ഓരോ പൗരന്റെയും ചികിത്സാരേഖകള്‍ കേന്ദ്രീകൃത ഡാറ്റാബേസില്‍ ലഭ്യമാക്കുക വഴി സര്‍ക്കാര്‍ അലോപ്പതി ആരോഗ്യ ചികിത്സാസ്ഥാപനങ്ങളില്‍ തടസമില്ലാതെ തുടര്‍ചികിത്സ ഉറപ്പാക്കാനാകും. ഇതോടെ ഒ.പി, ലബോറട്ടറി, ഫാര്‍മസി, എക്‌സ്‌റേ എന്നിവിടങ്ങളിലെ തിരക്കും കാലതാമസവും ഇല്ലാതാകും.
ഇതുവഴി ഒരു ഡോക്ടറില്‍നിന്നു വിദഗ്ധനായ മറ്റൊരു ഡോക്ടറിലേക്കു വളരെയെളുപ്പത്തില്‍ വിവരങ്ങള്‍ കൈമാറാനും രോഗവിവരം സംബന്ധിച്ച ആശയവിനിമയം എളുപ്പത്തിലാക്കാനും സാധിക്കും. ആതുര സേവനരംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുന്ന ഈ പദ്ധതിക്കായുള്ള സാങ്കേതിക സര്‍വേ ഒന്നര വര്‍ഷം മുന്‍പുതന്നെ ജില്ലയില്‍ പൂര്‍ത്തിയാക്കിയിരുന്നു. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 136 ചികിത്സാ കേന്ദ്രങ്ങളിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഓരോ ആരോഗ്യ സ്ഥാപനങ്ങളിലേയും ഒ.പി, ലാബുകള്‍, ഫാര്‍മസികള്‍, സ്‌കാനിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണയ പരിശോധനാ വിഭാഗങ്ങളെ കംപ്യൂട്ടര്‍ ശൃംഖലകള്‍വഴി ബന്ധിപ്പിക്കുന്നതിനുള്ള രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."