ജിഷ്ണു പ്രണോയിയുടെ മരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു
കൊച്ചി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ സി.ബി.ഐ ഇന്നലെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിന് സി.ആര്.പി.സി സെക്ഷന്‍ 174 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. ജിഷ്ണുവിന്റെ സഹപാഠിയായിരുന്ന അമലിന്റെ മൊഴിയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര് തയാറാക്കിയിട്ടുള്ളത്. പരീക്ഷയില്‍ കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് മാനസിക വിഷമത്തിലായ ജിഷ്ണു ഹോസ്റ്റലിലെ ബാത്ത് റൂമില്‍ തോര്‍ത്തുമുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്നും കണ്ടുവന്ന താന്‍ രക്ഷപ്പെടുത്തി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചെന്നുമാണ് അമലിന്റെ മൊഴിയിലുള്ളത്. പഴയന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ കേരളാ പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് വീണ്ടും രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആദ്യത്തെ എഫ്.ഐ.ആറില്‍ പ്രതികള്‍ ഇല്ലായിരുന്നുവെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."