നീതിന്യായ രംഗത്തെ പ്രതിസന്ധി; ഉന്നതതല അന്വേഷണം വേണമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: നീതിന്യായ രംഗത്തെ വിവാദങ്ങളും സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബി.എസ് ലോയയുടെ ദുരൂഹ മരണത്തെ സംബന്ധിച്ച് ഉയര്‍ന്ന വിവാദവും സര്‍ക്കാരിനെതിരേ ആയുധമാക്കി കോണ്‍ഗ്രസ്.
സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരായി ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം, ബി.എസ് ലോയയുടെ മരണം എന്നിവ സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ ഉന്നയിച്ച ആരോപണം നിസാരമായി തള്ളിക്കളയാവുന്നതല്ല. ഇത്തരമൊരു ആരോപണം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയാണ് അസ്വസ്ഥമാക്കുന്നത്. ഇത് ദൂരവ്യാപക ഫലങ്ങളാണ് ഉണ്ടാക്കുകയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സുപ്രിം കോടതിയുടെ ഫുള്‍കോര്‍ട്ട് വിളിച്ചു ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രൂക്ഷമായ പ്രതിസന്ധിയാണ് ഇപ്പോള്‍ രാജ്യത്ത് ഉയര്‍ന്നുവന്നിരിക്കുന്നത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളാണ് ആദ്യം ഉന്നയിച്ചത്. സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് ജസ്റ്റിസ് ലോയയുടെ കോടതിയിലാണ് നടന്നിരുന്നത്.
പ്രതികളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവരാണുള്ളത്. ഈ സാഹചര്യത്തില്‍ കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച ജഡ്ജിയുടെ മരണത്തില്‍ സംശയം ഉയരുന്നത് സ്വാഭാവികമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."