പുലിയന്നൂര്‍ കൊലപാതകം: ഒരു മാസം പിന്നിടുമ്പോഴും കൊലയാളികള്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല
ചെറുവത്തൂര്‍: ഒരു നാടിനെ നടുക്കിയ കൊലപാതകവും കവര്‍ച്ചയും നടന്നിട്ട് ഇന്ന് ഒരുമാസം തികയുന്നു. ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കൊലചെയ്തതാരെന്ന ചോദ്യത്തിനു മുന്നില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും മൗനം പാലിക്കുന്നു. പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം അന്നുതന്നെ ആരംഭിച്ചിരുന്നു. ഇടയ്ക്ക് പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചുവെന്ന് ഐ.ജി തന്നെ മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ടാണു പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്ന ആശങ്കയിലാണ് ജനം. അന്വേഷണം ഇതര സംസ്ഥാനങ്ങളിലടക്കം പല വഴികളിലൂടെയും തിരിഞ്ഞു എത്തി നില്‍ക്കുന്നത് പുലിയന്നൂരും ചീമേനിയിലും തന്നെയാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു രീതിയിലുള്ള അന്വേഷണമാണ് പൊലിസ് നടത്തിയത്. പ്രൊഫഷണല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചും നാട്ടുകാരെ കേന്ദ്രീകരിച്ചും ബന്ധുക്കളെ കേന്ദ്രീകരിച്ചുമുള്ള അന്വേഷണമായിരുന്നു അത്. ഇപ്പോള്‍ അന്വേഷണ സംഘം എത്തിനില്‍ക്കുന്നത് അവിശ്വസനീയമായ ഒരു വിവരത്തിലാണെന്ന സൂചനയുണ്ട്.
എന്നാല്‍ കൃത്യമായ തെളിവുറപ്പിക്കാനാവാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ഡിസംബര്‍ 13നു രാത്രി പതിനൊന്നോടെയാണു ക്രൂരമായ കൊലയുടെ വിവരം പുറംലോകം അറിയുന്നത്.
മുഖം മൂടി ധരിച്ച മൂന്നംഗ സംഘത്തില്‍ ഒരാള്‍ മലയാളം സംസാരിച്ചു. ജാനകി ടീച്ചറുടെ ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു പോയത്.
അന്വേഷണവുമായി ബന്ധപ്പെട്ടു ബന്ധുക്കള്‍, വീടിന്റെ സമീപത്തു താമസിക്കുന്നവര്‍, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേരെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് ചോദ്യ ചെയ്തു വിട്ടയക്കുകയും ചെയ്തിരുന്നു.
സി.പി.എമ്മും യു.ഡി.എഫും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചീമേനി തുറന്ന ജയിലിനു സമീപത്ത് നിന്നു ഒരു കത്തി കണ്ടെടുത്തതാണ് ഏറ്റവും ഒടുവിലായി കേസുമായി ബന്ധപ്പെട്ടുണ്ടായ പ്രധാന സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."