തളിപ്പുഴയില്‍ 1.65 കോടി രൂപയുടെ പദ്ധതി: മത്സ്യവിത്തുല്‍പാദന കേന്ദ്രത്തിന് മന്ത്രി ശിലയിട്ടു
വൈത്തിരി: അലങ്കാര മത്സ്യകൃഷി മേഖലയില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് ഫിഷറിസ് വകുപ്പുമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. തളിപ്പുഴയില്‍ 165 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ജില്ലാ മത്സ്യവിത്തുല്‍പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലയിലെ പ്രയാസമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഉള്‍നാടന്‍ മത്സ്യകൃഷിയും അലങ്കാര മത്സ്യകൃഷിയും അധിക വരുമാനത്തിന് ആശ്രയിക്കാവുന്നതാണെന്നു മന്ത്രി പറഞ്ഞു. ഉല്‍പാദിപ്പിച്ച മത്സ്യങ്ങളുടെ വിപണനത്തിനു കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കും. മത്സ്യകൃഷിക്ക് നബാര്‍ഡ് കൂടുതല്‍ വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. അലങ്കാര മത്സ്യക്കൃഷിക്കു ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും പ്രത്യേകം പ്രൊജക്ട് തയാറാക്കണം. ഇതുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കു ശ്രമിക്കുകയും വേണം. മത്സ്യക്കൃഷി ചെയ്യുന്ന കുളങ്ങളും ടാങ്കുകളും അടച്ചുവയ്ക്കാനുള്ള വല സബ്‌സിഡി നിരക്കില്‍ മത്സ്യഫെഡ് നെറ്റ് ഫാക്ടറിയില്‍നിന്നു ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു.
ശീതളിമ ചരിത്രമാകുന്ന വയനാട്ടില്‍ കാലാവസ്ഥ തിരിച്ചുപിടിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളിലൊന്നാണു മത്സ്യക്കൃഷി. കാര്‍പ് മത്സ്യങ്ങളായ കട്‌ല, രോഹു, മൃഗാള്‍, സൈപ്രിനസ്, ഗ്രാസ്‌കാര്‍പ് തുടങ്ങിയ പ്രേരിതപ്രജനനം വഴി ഉല്‍പാദിപ്പിക്കുന്ന മത്സ്യങ്ങളാണ് ഇവിടെ വിളയിക്കുക. പ്രതിവര്‍ഷം 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ഉല്‍പാദിപ്പിക്കാനാവും. ഇതിനായി വ്യത്യസ്ത വലിപ്പത്തിലുള്ള 44 ടാങ്കുകള്‍ ഉള്‍ക്കൊള്ളുന്നതാണു നിര്‍ദിഷ്ട ഹാച്ചറി. ഇതിനുപുറമെ ജലശേഖരണത്തിന് ടാങ്കുകള്‍, കിണര്‍, ചുറ്റുമതില്‍ എന്നിവയും നിര്‍മിക്കും. ഇതു പ്രവര്‍ത്തനക്ഷമമാകുന്നതോടെ വയനാട്ടിലെയും സമീപ ജില്ലകളിലെയും കൃഷിക്കാര്‍ക്കു പ്രയോജനപ്പെടുത്താനാവും.
പൂക്കോട് തടാകത്തില്‍ തദ്ദേശീയ മത്സ്യങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച അക്വാപാര്‍ക്കിന്റെ ഉദ്ഘാടനവും മത്സ്യത്തൊഴിലാളി വനിതകള്‍ ആരംഭിച്ച സാഫ് സീഫുഡ് കിച്ചന്റെ ഒന്നാം വാര്‍ഷികാഘോഷ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, തീരദേശ വികസന കോര്‍പറേഷന്‍ റീജ്യനല്‍ മാനേജര്‍ കെ. രഘു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ കെ. മിനി, അനില തോമസ്, മെമ്പര്‍ പി.എന്‍ വിമല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."