ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയില്‍ വിറങ്ങലിച്ച് അമല്‍
ശ്രീകണ്ഠപുരം: ദുരന്തത്തിന്റെ ഏകസാക്ഷിയായ അമല്‍ സ്റ്റീഫന്‍ എന്തു ചെയ്യണമെന്നറിയാതെ മനോനില തെറ്റിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
ഡല്‍ഹിയില്‍ ബന്ധുക്കളോടൊപ്പം താമസിച്ചു പഠിക്കുകയായിരുന്ന അമല്‍ ഇക്കുറി നാട്ടിലെത്തിയത് ഇവിടുത്തെ സ്‌കൂളിലേക്ക് പഠിത്തം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്.
അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് ഇന്നലെ ബന്ധുക്കളും കൂട്ടുകാരുമായ ഓലിജ, സബാന്‍, അഖില്‍, അയന്‍, മാനിക് എന്നിവരോടൊപ്പം പുഴയില്‍ കുളിക്കാന്‍ ചെന്നത്. നീന്തലറിയാത്തതിനാല്‍ അമല്‍ കരയിലിരുന്നു. കൂട്ടുകാരുടെ ആഹ്ലാദ തിമിര്‍പ്പിന് കാഴ്ചക്കാരനായിരിക്കുന്നതിനിടയില്‍ സബാന്‍ മുങ്ങിത്താഴ്ന്നു. പിന്നാലെ മറ്റുളളവരും.
അമലിന് കരയില്‍ നിസ്സഹായനായി നിലവിളിക്കുവാനെ ആയുള്ളൂ. നാട്ടുകാര്‍ വന്നതും കൂട്ടുകാരുടെ നിര്‍ജീവമായ ശരീരം പുറത്തെടുക്കുന്ന കാഴ്ച്ചയും നല്‍കിയ ഷോക്കില്‍ നിന്ന് അമല്‍ മുക്തനായിട്ടില്ല. വിവരങ്ങള്‍ ആരായാനെത്തുന്നവരോടും ആശ്വസിപ്പിക്കാനെത്തുന്ന പൊതുപ്രവര്‍ത്തകരോടും ഒന്നും പറയാനാകാതെ നിറഞ്ഞ മിഴികളില്‍ ഒതുക്കുകയാണ് അമല്‍ സ്റ്റീഫന്‍. ഇനി കളി പറയാനും കൂട്ടുകൂടാനും കൂട്ടുകാര്‍ വരില്ലായെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."