ആസ്‌ത്രേലിയന്‍ ഓപണിന് തുടക്കം; നദാല്‍, ഹാലെപ് ഇന്ന് കളത്തില്‍
മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ പാര്‍ക്കില്‍ ഇനി തീപ്പാറും എയ്‌സുകളുടേയും സര്‍വുകളുടേയും റിട്ടേണുകളുടേയും കാലം. ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ 106ാം പതിപ്പിന് ഇന്ന് മെല്‍ബണ്‍ പാര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടില്‍ തുടക്കമാകും. ഇന്ന് മുതല്‍ ഈ മാസം 28 വരെയാണ് സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമില്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍ ഇന്ന് ആദ്യ റൗണ്ടില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്ക് താരം എസ്റ്റ്‌റെല്ല ബര്‍ഗോസിനെ നേരിടും. ഗ്രിഗറി ദിമിത്രോവ്, നിക്ക് കിര്‍ഗിയോസ്, ഡേവിഡ് ഫെറര്‍ എന്നിവരും ഇന്ന് ആദ്യ റൗണ്ടിനിറങ്ങും. വനിതാ വിഭാഗത്തില്‍ യലേന ഒസ്റ്റപെന്‍കോ, വീനസ് വില്ല്യംസ്, റൈബറികോവ, സിബുല്‍കോവ, മോണിക്ക പ്യുഗ് എന്നിവരും ഇന്നിറങ്ങുന്നുണ്ട്.
ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സ് ഇന്ത്യന്‍ താരം തന്നെയായ പുരവ് രാജയ്‌ക്കൊപ്പം ഡബിള്‍സിനിറങ്ങും. രോഹന്‍ ബൊപ്പണ്ണ ഫ്രാന്‍സിന്റെ റോജര്‍ വാസ്സലിനൊപ്പവും മറ്റൊരു ഇന്ത്യന്‍ താരം ദിവിജ് ശരണ്‍ അമേരിക്കയുടെ രജീവ് രാമിനൊപ്പവും ഡബിള്‍സില്‍ മത്സരിക്കുന്നുണ്ട്. സിംഗിള്‍സില്‍ ഇന്ത്യയുടെ യുകി ഭാംബ്രിയാണ് മത്സരിക്കുന്നത്. ഡബിള്‍സിലെ ഇന്ത്യന്‍ വനിതാ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ പരുക്കിനെ തുടര്‍ന്ന് ഇത്തവണയില്ല.
പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നിവര്‍ ഒന്നും രണ്ടും റാങ്കുകാരായും ഒന്നും രണ്ടും സീഡുകാരായുമാണ് പോരിനിറങ്ങുന്നത്. ആറ് തവണ ഇവിടെ കിരീടമുയര്‍ത്തിയ സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിചും പ്രതാപം തിരിച്ചുപിടിക്കാനായി ഇറങ്ങുന്നുണ്ട്.
ബ്രിട്ടന്റെ ആന്‍ഡി മുറെ, ജപ്പാന്റെ കെയ് നിഷികോരി എന്നിവരാണ് ഇത്തവണ മത്സരിക്കാനില്ലാത്ത പ്രമുഖന്‍മാര്‍. നദാലിനും ഫെഡറര്‍ക്കും വെല്ലുവിളിയായി ഗ്രിഗര്‍ ദിമിത്രോവ്, യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോ, നിക്ക് കിര്‍ഗിയോസ്, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, മരിന്‍ സിലിച്ച്, ഡേവിഡ് ഫെറര്‍ തുടങ്ങിയവരുണ്ടാകും. യുവ നിരയുടെ സാന്നിധ്യങ്ങളായി നാലാം റാങ്കിലുള്ള ജര്‍മനിയുടെ 20കാരന്‍ അലക്‌സാണ്ടര്‍ സ്വെരേവ്, കാനഡയുടെ ഡെനിസ് ഷപോവലോവ്, റഷ്യന്‍ താരം കരന്‍ ഖചനോവ്, ക്രൊയേഷ്യയുടെ ബൊര്‍ന കൊറിക് എന്നിവരും അട്ടിമറിക്ക് കെല്‍പ്പുള്ളവര്‍ തന്നെ.
നിലവിലെ കിരീട ജേത്രി അമേരിക്കയുടെ സെറീന വില്ല്യംസിന്റെ അഭാവത്തിലാണ് വനിതാ പോരാട്ടം ഇത്തവണ അരങ്ങേറുന്നത്. അട്ടിമറി താരങ്ങളായ ലാത്വിയയുടെ നിലവിലെ ഫ്രഞ്ച് ഓപണ്‍ ജേത്രി യെലേന ഒസ്റ്റപെന്‍കോ, ഒളിംപിക് സ്വര്‍ണ ജേത്രി പ്യുര്‍ടോ റിക്കോയുടെ മോണിക്ക പ്യുഗ് എന്നിവരും ലോക ഒന്നാം നമ്പര്‍ താരം റൊമാനിയയുടെ സിമോണ ഹാലെപുമാണ് ഫേവറിറ്റ്‌സ്.
സെറീനയുടെ സഹോദരി വെറ്ററന്‍ വീനസ് വില്ല്യംസ് ഇത്തവണയും മത്സരിക്കാനെത്തുന്നുണ്ട്. കഴിഞ്ഞ തവണ ഫൈനല്‍ വരെയെത്തി കലാശപ്പോരില്‍ സഹോദരിയോട് തോറ്റ് രണ്ടാം സ്ഥാനത്തായിരുന്നു വീനസ്. ഇത്തവണ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."