വിസ്മയച്ചരടില്‍ ഇന്ദ്രജാലക്കെട്ടുമായി വാനത്തോളമുയര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍
തിരുവനന്തപുരം: അമ്പരപ്പിക്കുന്ന വേഗതയില്‍ വിസ്മയച്ചരടില്‍ ഇന്ദ്രജാലക്കെട്ട് തീര്‍ത്ത് ഭിന്നശേഷിയുള്ള കുട്ടികള്‍ ഇന്ദ്രജാല ലോകത്തിന്റെ വിശാലതയിലേയ്ക്ക് നടന്നു കയറി. കയറിന്‍ തുമ്പത്ത് പിടിച്ച് ഇടംകൈ വലംകൈ മാറിമാറി ദ്രുത വേഗതയില്‍ അഴിയാക്കുരുക്കിട്ടപ്പോള്‍ ഞെട്ടിയത് മന്ത്രി കെ.കെ ശൈലജ ടീച്ചറും തിങ്ങി നിറഞ്ഞ കാണികളും.
മാജിക് അക്കാദമിയും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസും സംയുക്തമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന സൗജന്യ ഇന്ദ്രജാല പരിശീലന പരിപാടി എം പവറിന്റെ ആദ്യക്ലാസിലാണ് ഭിന്നശേഷിയുള്ള കുട്ടികള്‍ തിളങ്ങിയത്.
രാവിലെ 10.30ന് ആരംഭിച്ച ക്ലാസ് ഒരു മണിവരെ നീണ്ടു. ക്ലാസിന് നേതൃത്വം നല്‍കിയ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു കൊടുത്തത് വളരെ പെട്ടെന്ന് തന്നെ കുട്ടികള്‍ ഹൃദിസ്ഥമാക്കി. കൈ വിരലുകളുടെ കൃത്യമായ ചലനവും പ്രയാസമേറിയ കൈമുറകളും ഒത്തുചേര്‍ന്നാല്‍ മാത്രം കയറിന്റെ മധ്യത്ത് അഴിയാക്കുരുക്ക് വീഴുന്ന ഇന്ദ്രജാലത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു വിദ്യയാണ് ആദ്യത്തെ ക്ലാസിനായി ഒരുക്കിയത്.
വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കുട്ടികളാണ് പരിശീലനക്കളരിയില്‍ പങ്കെടുത്തത്. കുട്ടികള്‍ക്കൊപ്പം മന്ത്രി ശൈലജ ടീച്ചറും ഇന്ദ്രജാല പരിശീലനത്തിനിരുന്നു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.അശ്വതി, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ സ്റ്റേറ്റ് പ്രേഗ്രാം മാനേജര്‍ എസ്.സഹീറുദ്ദീന്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല തുടങ്ങിയവര്‍ പങ്കെടുത്തു.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 10.30ന് ആരംഭിക്കുന്ന ക്ലാസ് ഉച്ചയോടെ സമാപിക്കും. നാലുമാസം നീണ്ടു നില്‍ക്കുന്ന പരിശീലന കളരി ജൂണ്‍ 6ന് അവസാനിക്കുകയും 7ന് സാമൂഹ്യ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ ഇന്ദ്രജാല അരങ്ങേറ്റവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."