ഗൂഢാലോചനയില്‍ കൂടുതല്‍ പേര്; പ്രതികളുടെ എണ്ണം കൂടും
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേല്‍ പ്രതികളുടെ എണ്ണം കൂടുമെന്നു സൂചന. ഗൂഢാലോചനാ കേസിലും പ്രതികള്‍ക്കു സംരക്ഷണം നല്‍കിയതിലുമാണ് ചിലര്‍ പ്രതിപ്പട്ടികയില്‍ വരിക. ഫൈസല്‍ വധക്കേസില്‍ ഇതിനകം പതിനാല് പ്രതികളാണ് അറസ്റ്റിലായത്.
കൃത്യം നടപ്പിലാക്കിയതും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമായ പതിനൊന്നു പ്രതികളുടെ വീട്ടുകാരെയും ബന്ധുക്കളെയും തിങ്കളാഴ്ച മലപ്പുറം ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ബന്ധുക്കളുടെ മൊഴിയനുസരിച്ചു ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്കു പങ്കുള്ളതായാണ് സൂചന.
ഫൈസല്‍ വധത്തില്‍ നാട്ടിലെ കൂടുതല്‍ ആളുകള്‍ക്കു പങ്കുള്ളതായി സംഭവത്തിനുശേഷം ഫൈസലിന്റെ മാതാവ് അടക്കമുള്ള ബന്ധുക്കളും നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍, പൊലിസ് ഇതു മുഖവിലയ്ക്കെടുത്തിരുന്നില്ല. കൂടാതെ വെള്ളിയാമ്പുറം അമ്പലപ്പടി, തട്ടത്തലം പരിസരങ്ങളില്‍നിന്നും അഞ്ചോളം വീടുകളില്‍നിന്നും ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മുങ്ങിയിരുന്നു.
ഗൂഢാലോചന നടത്തിയ വിദ്യാനികേതന്‍ സ്കൂള്‍ മാനേജര്‍ അടക്കമുള്ളവരെ അന്വേഷണസംഘം വേണ്ടവിധം ചോദ്യം ചെയ്തില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം സംശയമുള്ള ഏതാനുംപേരെ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."