എവിടെപ്പോയി നമ്മുടെ കുഞ്ഞുങ്ങള്‍
2013 ഓഗസ്റ്റ് ഒന്ന്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. രാവിലെ 9.15 നും 9.45 നും ഇടയ്ക്കുള്ള സമയം. കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളിയിലുള്ള ഉമ്മയുടെ വീട്ടിലായിരുന്നു ഒന്നര വയസുകാരി ദിയമോള്‍ എന്ന ദിയ ഫാത്തിമ. മഴ കോരിച്ചൊരിയുന്നുണ്ട്. കൂലിപ്പണിക്കാരനായ ഉപ്പ സുഹൈല്‍ രാവിലെ പണിക്കു പോകുന്നതിനു മുന്‍പ് നാലുവയസുള്ള മകന്‍ സിയാനും ദിയയ്ക്കും ഭക്ഷണം വാരിക്കൊടുത്ത ശേഷം കുളിക്കാന്‍ പോയി.
കുട്ടികള്‍ രണ്ടുപേരും ഹാളില്‍ തന്നെയായിരുന്നു. അഞ്ചുമിനിറ്റിനുള്ളില്‍ സുഹൈല്‍ തിരിച്ചെത്തി നോക്കുമ്പോള്‍ ദിയമോള്‍ മാത്രം അവിടെയുണ്ടായിരുന്നില്ല. പിന്നീടാരും ദിയമോളെ കണ്ടിട്ടില്ല. കുഞ്ഞ് എവിടെപ്പോയെന്നോ എന്തു സംഭവിച്ചുവെന്നോ ഇന്നും ആര്‍ക്കുമറിയില്ല.
വീടിനടുത്തൊരു തോടുണ്ട്. കുഞ്ഞ് ആ തോട്ടില്‍ വീണ് ഒഴുകിപ്പോയതായിരിക്കാമെന്നാണ് ആദ്യം എല്ലാവരും സംശയിച്ചത്. പക്ഷേ, വീടിനു സമീപത്തുള്ള സകല തോടുകളിലും പുഴകളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒരു വയസും അഞ്ചുമാസവും മാത്രം പ്രായമുള്ള, പിച്ചവച്ചു മാത്രം നടക്കുന്ന കുഞ്ഞ് എങ്ങനെ 100 മീറ്റര്‍ അകലെയുള്ള കൈത്തോട്ടിലെത്തുമെന്നു സുഹൈല്‍ ചോദിക്കുന്നു- ''എന്റെ കുട്ടിക്കു മഴയെ പേടിയാണ്. മഴ കണ്ടാല്‍ എന്റടുത്തേയ്ക്കു പേടിച്ചോടി വരുന്ന കുഞ്ഞാണ്. അവള്‍ അത്ര വലിയ മഴയില്‍ പുറത്തിറങ്ങില്ലെന്നുറപ്പാണ്.'' സുഹൈലിന്റെ ഈ വാക്കുകള്‍ക്കു വ്യക്തമായൊരുത്തരം ആരും നല്‍കിയിട്ടില്ല.
Also Read: കണക്കുകള്‍ കഥ പറയുമ്പോള്‍
ലോക്കല്‍ പൊലിസ് മുതല്‍ ക്രൈംബ്രാഞ്ച് വരെ അന്വേഷണങ്ങള്‍ പലവഴിക്കു നടന്നു. ഇതിനിടയില്‍ അങ്കമാലി ബസ്സ്റ്റാന്‍ഡിലെ സി.സി.ടി.വിയില്‍ ദിയമോളോടു സാമ്യമുള്ള കുഞ്ഞിന്റെ ചിത്രം പതിഞ്ഞതായി കണ്ടെത്തി. ഹൈക്കോടതിയിലെത്തി ദൃശ്യങ്ങള്‍ കണ്ട പിതാവ് അതു തന്റെ മകളാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നിട്ടും കേസ് എവിടെയുമെത്തിയില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഐ.ജി ദിനേന്ദ്രകശ്യപിനാണു നിലവില്‍ അന്വേഷണച്ചുമതല.
സുഹൈലിന്റെ ആകെയുള്ള സമ്പാദ്യം ഭാര്യ ഫാത്തിമത്ത് സുഹറയുടെ പേരിലുള്ള മൂന്നുസെന്റ് ഭൂമിയാണ്. സ്വന്തമായി വീടോ റേഷന്‍ കാര്‍ഡോ ഇല്ല. താമസം പേരാവൂരിലുള്ള വാടക വീട്ടില്‍. എങ്കിലും കൂലിപ്പണിയെടുത്തു സമ്പാദിക്കുന്ന തുച്ഛമായ തുകയുമായി ഇന്നും ഓരോ ഫോണ്‍കോളിനു പിന്നാലെയും മകളെത്തേടി അലയുകയാണു സുഹൈല്‍.
2005 മെയ് 18 നാണ് ആലപ്പുഴ ജില്ലയിലെ ആശ്രമം വാര്‍ഡ് രാഹുല്‍ നിവാസില്‍ രാഹുലെന്ന രണ്ടാം ക്ലാസുകാരന്‍ അപ്രത്യക്ഷനാകുന്നത്. അവധി ദിവസമായിരുന്നതിനാല്‍ ഉച്ചഭക്ഷണത്തിനു ശേഷം കൂട്ടുകാരോടൊത്തു ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. വൈകുന്നേരം നാലരയായിട്ടും മകനെ കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു ചെന്നു. രാഹുല്‍ നേരത്തേതന്നെ വെള്ളം കുടിക്കാനായി വീട്ടിലേക്കുപോയിരുന്നല്ലോ എന്നു കൂട്ടുകാര്‍ മറുപടി നല്‍കി. അന്നു തുടങ്ങിയ അന്വേഷണം ഇന്നും തുടരുന്നു.
Also Read: ഇവര്‍ എവിടേക്ക് പോകുന്നു
രാഹുല്‍ എങ്ങോട്ടുപോയെന്നോ ആര് കൊണ്ടുപോയെന്നോ ആര്‍ക്കുമറിയില്ല. 12 വര്‍ഷമായി കേരളത്തിനകത്തും പുറത്തും മകനെ അന്വേഷിച്ചു വീട്ടുകാര്‍ അലയുന്നു. രാഹുലിനോടു സാമ്യമുള്ള കുട്ടിയെ കണ്ടെത്തുമ്പോഴെല്ലാം പൊലിസ് അറിയിക്കും. അവിടെപ്പോയി തങ്ങളുടെ മകനല്ലെന്നു കണ്ടു വിതുമ്പലോടെ മടങ്ങും. ഇതിനിടയില്‍ സി.ബി.ഐ അന്വേഷണവും നടന്നു. എന്നിട്ടും ഫലമുണ്ടായില്ല. രാഹുലിന്റെ പിതാവ് വിദേശത്താണ്. അമ്മയും ഇളയ സഹോദരിയും മാത്രമാണു വീട്ടില്‍.
രാഹുലിനെ തട്ടിക്കൊണ്ടുപോയതായിരിക്കാമെന്ന നിഗമനത്തിലാണു പൊലിസ്. ഒന്നിലധികം പേരുണ്ടാകാന്‍ സാധ്യതയില്ലെന്നും പൊലിസ് പറയുന്നു. സംഘമായിരുന്നെങ്കില്‍ കണ്ടെത്താന്‍ എളുപ്പമായേനെ എന്നാണു പൊലിസിന്റെ അനുമാനം.
''കേസ് അവസാനിപ്പിച്ചതായി വക്കീല്‍ പറഞ്ഞാണ് അറിയുന്നത്. അവന് 20 വയസാകുന്നു. മീശയൊക്കെ വച്ചു വല്യ ആളായിട്ടുണ്ടാകും. എന്നെങ്കിലും വരുമായിരിക്കും'': 12 വര്‍ഷം പിന്നിട്ടിട്ടും അമ്മ മിനിയുടെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല.
''മോന്‍ അന്നു കളിച്ചുകൊണ്ടിരുന്ന സ്ഥലത്തൊക്കെ ഇന്നു കെട്ടിടങ്ങളായി. എങ്കിലും അതുവഴി വരുമ്പോള്‍ ഇന്നും അറിയാതെ അവിടേക്കു നോക്കിപ്പോകും. ഞങ്ങളുടെ വീടു വിറ്റ് മറ്റെവിടെയെങ്കിലും താമസിക്കാന്‍ ബന്ധുക്കളൊക്കെ ഉപദേശിച്ചതാണ്. പക്ഷേ, ഞങ്ങളതു കൊടുക്കില്ല. അവന്റെ സാന്നിധ്യം ഇവിടെ ഇപ്പോഴുമുണ്ട്. അവനറിയാവുന്നത് ഇവിടമാണല്ലോ. അതുകൊണ്ടുതന്നെ അവനിവിടേയ്ക്കു തന്നെ വരുമെന്ന പ്രതീക്ഷയിലാണു ഞങ്ങള്‍.''
ഇന്നും തങ്ങളെത്തേടി വരുന്ന ഓരോ ഫോണ്‍കോളിനു പിന്നാലെയും ഈ അമ്മ അലയുന്നതും അതേ പ്രതീക്ഷയിലാണ്.
Also Read: കാണാതായ കുട്ടികളെ എങ്ങനെ കണ്ടെത്താം
കാണാതായ മകനെ കണ്ടെത്താന്‍ 2000 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്ത നാല്‍പ്പത്തിരണ്ടുകാരനായ ഡല്‍ഹി സ്വദേശി സതീഷ് ചന്ദ്രയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നതു കഴിഞ്ഞമാസം ആദ്യമാണ്. ചന്ദ്രയുടെ പതിനൊന്നു വയസുള്ള മകന്‍ ഗോദ്‌നയെ കഴിഞ്ഞ ജൂണിലാണു കാണാതായത്. പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ആഗ്രയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഹത്രാസില്‍ കര്‍ഷകത്തൊഴിലാളിയാണു ചന്ദ്ര. കാണാതായ ഗോദ്‌ന ഏക മകനാണ്. സംസാരശേഷിയില്ലാത്ത മകന്റെ ഫോട്ടോ സൈക്കിളില്‍ വച്ചു ഡല്‍ഹി, ഝാന്‍സി, കാണ്‍പൂര്‍, ബിന എന്നിവിടങ്ങളിലൊക്കെ ചന്ദ്ര അലഞ്ഞു നടന്നു. ട്രെയിന്‍ കയറി എവിടെയെങ്കിലും എത്തിച്ചേര്‍ന്നിട്ടുണ്ടാകുമെന്നാണു പിതാവ് കരുതുന്നത്. അതിനാല്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണു യാത്ര.
കഴിഞ്ഞമാസം ഏഴിനാണു തൃശൂര്‍ ജിമ്മീസ് കോളനിയില്‍നിന്നു വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ നാലുവയസുകാരി കാജലിനെയാണു കാണാതായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ദിവാന്‍ജി മൂലയിലുള്ള ഈ കോളനിയിലെ താമസക്കാരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. കുട്ടിയെ ബന്ധുക്കളെ ഏല്‍പ്പിച്ചു സ്വദേശമായ ഉത്തര്‍പ്രദേശിലേയ്ക്കു പോയതായിരുന്നു മാതാപിതാക്കള്‍.
കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ഉച്ചയ്ക്ക് ഉണ്ണാന്‍ വരാതിരുന്നപ്പോഴാണു കോളനിക്കാര്‍ അന്വേഷിക്കുന്നത്. കാണാനില്ലെന്നറിഞ്ഞതോടെ തൃശൂര്‍ വെസ്റ്റ് പൊലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. പൊലിസ് എല്ലാ സ്റ്റേഷനിലേക്കും സന്ദേശമയച്ചു. മാധ്യമങ്ങളിലും വാര്‍ത്ത വന്നു. ഇതിനെ തുടര്‍ന്നു കുട്ടിയെ 24 കിലോമീറ്റര്‍ അകലെനിന്നു കണ്ടുകിട്ടി. കുന്നംകുളം ബൈജു റോഡില്‍ മദ്യപനായ ഒരാള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ആ പെണ്‍കുട്ടി. മോഷണവും യാചകവൃത്തിയുമായി ജീവിക്കുന്ന കൊല്ലം സ്വദേശി വിജയനാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്നു വിജയന്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചു.
Also Read: എങ്ങനെ ഈ വിപത്തിനെ ഇല്ലാതാക്കാം
1996 സപ്തംബര്‍ 20നാണു കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ ആനക്കല്ലു പാറയില്‍ ജലീലിന്റെയും റഷീദയുടെയും മകന്‍ താഹിറിനെ റോഡരികിലുള്ള വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായത്. ക്രൈംബ്രാഞ്ച് അന്വേഷണം വരെ നടന്നെങ്കിലും ഇന്നും കണ്ടെത്താനായിട്ടില്ല. ഇതിനിടെ എറണാകുളത്തു താഹിറിനോടു സാമ്യമുള്ള കുട്ടിയെ കണ്ടെത്തിയെങ്കിലും ഡി.എന്‍.എ പരിശോധനയില്‍ താഹിറല്ലെന്നു തെളിഞ്ഞു.
പിതാവും സഹോദരനുമൊത്ത് കടല്‍ കാണാന്‍പോയ ദിവസമാണു തിരുവനന്തപുരം പൂവാറിനു സമീപം നമ്പ്യാതി ബി.എല്‍ ഭവനില്‍ രാജന്റെയും പ്രസന്നയുടെയും മകന്‍ പ്രവീണ്‍രാജിനെ കാണാതാകുന്നത്. 2014 സപ്തംബര്‍ 15നാണു സംഭവം. രണ്ടു വര്‍ഷത്തിനുശേഷം 2016 ഒക്‌ടോബറില്‍ പ്രവീണിനോടു സാമ്യമുള്ള കുട്ടിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയെങ്കിലും അതു പ്രവീണായിരുന്നില്ല.
കാണാതാകുന്നപോലെ പെട്ടെന്നൊരു ദിവസം എവിടെയെങ്കിലും വച്ചു കണ്ടെത്തുന്ന കൗമാരക്കാരും കുറവല്ല. കഴിഞ്ഞമാസം തന്നെ ഇത്തരം നിരവധി സംഭവങ്ങളുണ്ടായി. ഡിസംബര്‍ 12 നു തിരുവനന്തപുരം ജില്ലയിലെ വെണ്‍പാലവട്ടത്തു നിന്നു കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തുന്നതു ഡിസംബര്‍ 15നു തമിഴ്‌നാട്ടിലെ മണ്ണാര്‍കുടിയില്‍ നിന്നാണ്. ഡിസംബര്‍ 14നു മലപ്പുറത്തെ തിരൂരില്‍ നിന്നു കാണാതായ പതിനേഴുകാരിയെ പിറ്റേന്നു പാലക്കാട്ടുവച്ചു കണ്ടെത്തി.
തൃശൂരിലെ കൊടുങ്ങല്ലൂരില്‍നിന്നു ഡിസംബര്‍ 13 ന് കാണാതായ പതിനഞ്ചുകാരനെ 14നു ബംഗളൂരുവില്‍നിന്നു കണ്ടെത്തി. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തുനിന്നു ഡിസംബര്‍ 17 നു കാണാതായ പതിനേഴുകാരനെയും തിരുവനന്തപുരം നെടുമങ്ങാട്ടുനിന്ന് ഡിസംബര്‍ 18നു കാണാതായ പതിനേഴുകാരനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. യാഥാര്‍ഥ്യത്തിന്റെ ചെറിയൊരു വശം മാത്രം. പെട്ടെന്നൊരു ദിവസം നമ്മുടെ കണ്‍മുന്നില്‍നിന്നു കുഞ്ഞുങ്ങളെ കാണാതാകുകയാണ്. പിന്നീടവര്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍, അരക്ഷിതാവസ്ഥ, അനാഥത്വം ഇതൊന്നും നമ്മള്‍ അറിയുന്നില്ല. അര്‍ഥമില്ലാത്ത അവകാശങ്ങള്‍ക്കായി പോരടിക്കുന്ന സമൂഹം ഈ നഷ്ടങ്ങളും ദുരിതങ്ങളും പീഡനങ്ങളും കാണാതെയും കേള്‍ക്കാതെയും പോകുകയാണ്. അഥവാ, നിസ്സാരവല്‍ക്കരിക്കുകയാണ്. അങ്ങനെയങ്ങ് അവഗണിക്കാന്‍ കഴിയുന്നതാണോ ഈ പ്രശ്‌നം. കാരണം, രേഖപ്പെടുത്തിയവ മാത്രം പരിഗണിച്ചാലും കണക്കുകള്‍ വളരെ വലുതാണ്.
മഴ പെയ്യുന്നപോലെയോ കാറ്റു വീശുന്നപോലെയോ അസാധാരണത്വമൊന്നും കല്‍പ്പിക്കപ്പെടാനാകാത്ത പ്രതിഭാസമായി മാറിയിരിക്കുന്നു നമ്മുടെ നാട്ടില്‍ കുട്ടികളുടെ തിരോധാനം. ശിശുക്ഷേമ മന്ത്രാലയത്തിന്റെ 2016 ലെ കണക്കുപ്രകാരം ദിവസം നാലുപേര്‍ എന്ന കണക്കിലാണു കേരളത്തില്‍നിന്നു കുഞ്ഞുങ്ങള്‍ അപ്രത്യക്ഷമാകുന്നത്. ദേശീയ ശരാശരി ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാവുന്നുവെന്നാണ്. 2017 നവംബര്‍വരെ കേരളത്തില്‍നിന്നു കാണാതായ കുട്ടികളുടെ എണ്ണം 727 ആണ്. ഇതില്‍ 582 പേരെ കണ്ടെത്തി. ബാക്കിയുള്ള 145 കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ല.
ആരാണിവരെ തട്ടിക്കൊണ്ടുപോകുന്നത്, ഇവര്‍ ജീവനോടെ ഇരിപ്പുണ്ടോ, ഉണ്ടെങ്കില്‍ത്തന്നെ ഏതവസ്ഥയില്‍... ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ആര്‍ക്കുമറിയില്ല. പൊലിസ് സംവിധാനം സക്രിയമാണെന്നു ഭരണാധികാരികള്‍ ആവര്‍ത്തിച്ചുപറയുമ്പോഴും തിരിച്ചുവരാത്ത പൊന്നോമനകളെയോര്‍ത്ത് നൂറുകണക്കിനു മാതാപിതാക്കള്‍ വിലപിച്ചുകൊണ്ടേയിരിക്കുകയാണ് ഇവിടെ.
കൈവിട്ടുപോയ ബാല്യങ്ങള്‍ നഷ്ടപ്പെട്ടവന്റെ മാത്രം വേദനയായി മാറുന്നു. ദുരൂഹസാഹചര്യങ്ങളില്‍ വിവിധയിടങ്ങളില്‍നിന്നു കാണാതാകുന്ന കുട്ടികള്‍ എവിടേയ്ക്കാണു മറയുന്നത്. കൃത്യമായ വിവരങ്ങളുടെയും ഫലപ്രദമായ സംവിധാനങ്ങളുടെയും അഭാവം കുട്ടികളെ കണ്ടെത്തുന്നതില്‍ തടസമാകുന്നുണ്ടോ. സുപ്രഭാതം അന്വേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."