തീവ്രവാദം തടയാന്‍ ശക്തമായ നടപടികളുമായി സഊദി; നാലുമാസത്തിനിടെ 39000 പാക്കിസ്താനികളെ നാടുകടത്തി
ജിദ്ദ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഊദി അറേബ്യ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നു. സുരക്ഷാനടപടികളുടെ ഭാഗമായി 39000 പാക് സ്വദേശികളെ നാലു മാസത്തിനുളളില്‍ സഊദി തിരിച്ചയച്ചുവെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ നിയന്ത്രണം ഏര്‍പെടുത്താന്‍ തയാറെടുക്കുകയാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാകിസ്താനില്‍ നിന്ന് നിയമം ലംഘിച്ച് നിരവധിപേര്‍ സഊദിയിലെത്തുന്നതും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുന്നതുമാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണം. സഊദിയില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളില്‍ ഭൂരിഭാഗവും പാക് സ്വദേശികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യ സുരക്ഷയ്ക്ക് വേണ്ടി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനാണ് പുതിയ നടപടികള്‍ സ്വീകരിക്കാന്‍ സഊദി അറേബ്യ തയാറാകുന്നതെന്ന് സഊദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. പാക് സ്വദേശികള്‍ക്കു പുറമെ രാജ്യത്ത് പ്രവേശിക്കുന്നവരുടെ വിശദമായ വിവരങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ വിസ അനുവദിക്കുകയുള്ളുവെന്നും സഊദി ഗസറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. വ്യക്തികളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഇന്റലിജന്‍സിന്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം മാത്രമേ വിദേശികള്‍ക്ക് സഊദിയിലേക്ക് ഇനി പ്രവേശനം ലഭിക്കുകയുള്ളു.
പാകിസ്താനില്‍ നിന്നുള്ളവര്‍ യു.കെയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഇവരുമായി ബന്ധപ്പെട്ട രാഷ്ട്രീയപരമായും മതപരമായുമുള്ള വിവരങ്ങള്‍ പരിശോധിക്കുമെന്ന് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള അല്‍ സദൂന്‍ പറഞ്ഞു. അഫ്ഗാനിസ്താനുമായി അടുത്ത് കിടക്കുന്ന പ്രദേശമായതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്താനില്‍ കൂടി വരികയാണെന്നും താലിബാന്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പാകിസ്താനില്‍ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനില്‍ നിന്നുള്ള 82 പേരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുറ്റത്തിന് സഊദി അറേബ്യയുടെ ഇന്റലിജന്‍സ് ബ്യൂറോയില്‍ കസ്റ്റഡിയിലാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നഫിത്തത്ത് തവാസുള്‍ പറഞ്ഞു. ഒരു സ്ത്രീയടക്കം പതിനഞ്ച് പേരെ അടുത്തിടെ നടന്ന ഒരു ഭീകരാക്രമണ ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സഊദിയിലെ അല്‍ ജൗറ സ്റ്റേഡിയം തകര്‍ക്കാന്‍ ശ്രമിച്ചവരുടെ പിന്നിലും പാകിസ്താനില്‍ നിന്നുള്ളവരായിരുന്നെന്ന് സഊദി ഇന്റലിജന്‍സ് വ്യക്തമാക്കി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഭാര്യയും മാതാപിതാക്കളുമായി രാജ്യത്ത് കഴിഞ്ഞിരുന്ന ഒരാള്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് കഴിഞ്ഞ റമദാന്‍ കാലത്ത് പൊട്ടിത്തെറിച്ച് മരിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുന്നുവെന്നാരോപിച്ച ഇത് മൂന്നാം തവണയാണ് പാകിസ്താന് മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത്. നേരത്തെ വിലക്കേര്‍പ്പെടുത്തിയ ഏഴ് മുസ്്‌ലിം രാഷ്ട്രങ്ങളുടെ പട്ടികയില്‍ പാകിസ്താനെയും ഉള്‍പ്പെടുത്തുമെന്ന് അമേരിക്ക പാകിസ്താനു മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."