അനധികൃത പാര്‍പ്പിട കേന്ദ്രങ്ങള്‍, ഓടകളില്‍ മാലിന്യമൊഴുക്കല്‍ പരിഹാരം കണ്ടെണ്ടത്താനാകാതെ നാദാപുരം പഞ്ചായത്ത്
നാദാപുരം: അനധികൃത പാര്‍പ്പിട കേന്ദ്രങ്ങളും മലിന്യ പ്രശ്‌നവും നാദാപുരത്ത് രൂക്ഷമാകുന്നു. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനു 'ഹരിത കേരളം' പദ്ധതി നടക്കുന്നതിനിടയിലാണ് ഇവയുടെ നിയന്ത്രണ കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് പുറം തിരിഞ്ഞു നില്‍ക്കുന്നത്. മലിനീകരണത്തിന്റെ തോത് ദിനംപ്രതി വര്‍ധിക്കുമ്പോഴും ഇവയുടെ നിര്‍മാര്‍ജനത്തിന് തുടര്‍ നടപടികളൊന്നും നടത്താതെ ഗ്രാമപഞ്ചായത്ത് പരിപാടികള്‍ വെറും ചടങ്ങുകളാക്കുന്നുവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പഞ്ചായത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലമാണ് ഏറ്റവും പരിതാപകരം. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടങ്ങളില്‍ മാലിന്യം സംസ്‌കരിക്കാനോ പുറംതള്ളാനോ സൗകര്യങ്ങളില്ല. മാലിന്യം പൊതുസ്ഥലങ്ങളിലും താമസസ്ഥലത്തും നിക്ഷേപിച്ച് ആരോഗ്യ ഭീഷണി ഉയര്‍ത്തുമ്പോഴും പരിശോധനകള്‍ നടക്കുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന അനധികൃത കെട്ടിടങ്ങള്‍ക്കെതിരേയുള്ള നടപടികളും ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
ടൗണിന്റെ പല ഭാഗങ്ങളില്ലായി വ്യാപാര ആവശ്യങ്ങള്‍ക്കു മാത്രം അധികൃതര്‍ ലൈസന്‍സ് നല്‍കിയ കെട്ടിടങ്ങളാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസത്തിന് വിട്ടു നല്‍കിയിരിക്കുന്നത്. വന്‍ വാടക വാങ്ങുന്ന ഇടുങ്ങിയ മുറികളില്‍ പത്തും പതിനഞ്ചും പേരെ കുത്തിനിറച്ചാണ് കഴിയുന്നത്. മതിയായ ശൗചാലയ സംവിധാനങ്ങളോ മറ്റോ ഇല്ലാത്ത ഇത്തരം അനധികൃത പാര്‍പ്പിട കേന്ദ്രങ്ങള്‍ നാദാപുരം മേഖലയില്‍ ഏറ്റവും വലിയ ആരോഗ്യ-മലിനീകരണ ഭീഷണി ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വാര്‍ത്ത സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പുളിക്കൂലില്‍ ഇതരസംസ്ഥാനത്തെ തൊഴിലാളികളായ താമസക്കാരെ നാട്ടുകാര്‍ ഇടപെട്ട് മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റി. കെട്ടിടത്തില്‍ നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചാക്കുകളിലാക്കി പരിസരത്തെ പറമ്പില്‍ തള്ളുന്നത് പിടികൂടിയതിനെ തുടര്‍ന്നായിരുന്നു ഇത്. അനധികൃത പാര്‍പ്പിട കേന്ദ്രങ്ങളില്‍ പരിശോധ നടത്തി താമസക്കാരെ ഒഴിപ്പിക്കുമെന്ന് അധികൃതര്‍ പലവട്ടം പറഞ്ഞതല്ലാതെ നടപടിയുണ്ടായിട്ടില്ല.
ഓടകളിലെ മാലിന്യ നിക്ഷേപത്തിനെതിരേയുള്ള നടപടിക്കും ഇതു തന്നെയാണ് ഗതി. കല്ലാച്ചി, നാദാപുരം ടൗണുകളില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും കക്കൂസ് മാലിന്യമടക്കം ഓടകളില്‍ ഒഴുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും അധികതര്‍ നടപടിക്ക് മടിക്കുകയാണ്. അറവു മൃഗങ്ങളുടെ രക്തവും മാലിന്യങ്ങളും പരസ്യമായി ഒഴുക്കുന്നത് ഓടയിലാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. കല്ലാച്ചിയിലെ ഒരു വ്യാപാര സമുച്ചയത്തില്‍ നിന്ന് ഓടയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കുന്നതിന് ഭൂമിക്കടിയില്‍ രഹസ്യകുഴല്‍ സ്ഥാപിച്ചത് നാട്ടുകാര്‍ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കെട്ടിടം ദിവസങ്ങളോളം അടച്ചുപൂട്ടിച്ചു. നടപടിക്ക് ശേഷം മറ്റു സ്ഥലങ്ങളിലും ഓടകളില്‍ മാലിന്യമൊഴുക്കുന്നത് കണ്ടെണ്ടത്താന്‍ സ്ലാബ് നീക്കി പരിശോധന നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ സമരസമിതിക്കു ഉറപ്പു നല്‍കിയിരുന്നു.
പിന്നീട് നടപടി ഒന്നും നടന്നിട്ടില്ല. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേയും നാദാപുരത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ക്കും അനധികൃത പാര്‍ക്കിങ്ങിനുമെതിരേ അടിയന്തര പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാദാപുരം സൗഹൃദ വേദി കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും പൊലിസിനും നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."