റോഡിന്റെ ദുരവസ്ഥ: വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കും
വൈക്കം: വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി ഉടന്‍ പുനര്‍നിര്‍മിക്കുമെന്ന് സി.കെ ആശ എം.എല്‍.എ. ഇതുമായി ബന്ധപ്പെട്ട് ഉല്ലല പി.എസ് ശ്രീനിവാസന്‍ സ്മാരക സ്‌കൂളില്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടന്നു.
നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള വൈക്കം-വെച്ചൂര്‍ റോഡിന് പല സ്ഥലങ്ങളിലും ആവശ്യമായ വീതിയില്ല.
അതുകൊണ്ടുതന്നെ ഗതാഗത തടസ്സം ഇവിടെ പതിവാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തേക്കുള്ള എളുപ്പമാര്‍ഗമാണ് വൈക്കം-വെച്ചൂര്‍ റോഡ്. ഈ റോഡിന്റെ വീതി കൂട്ടി പുനര്‍നിര്‍മിക്കുന്നതിന് 15 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു.
പി.ഡബ്ല്യൂ.ഡിയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം 25 കോടിയുടെ ഡി.പി.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച വെച്ചൂര്‍ അഞ്ചുമനപാലത്തിന്റെ പുനര്‍നിര്‍മാണവും നടക്കും.
റോഡ് വികസനത്തിനായി 15 മീറ്റര്‍ വീതി ഉറപ്പാക്കണമെന്നും അതിനുവേണ്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും കണ്‍വെന്‍ഷനില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അധ്യക്ഷത വഹിച്ചു.
ജനകീയ കമ്മിറ്റി ഭാരവാഹികളായി സി.കെ. ആശ എം.എല്‍.എ, അഡ്വ. പി.കെ ഹരികുമാര്‍, ടി.എന്‍ രമേശന്‍, കെ. അജിത്ത് എക്‌സ് എം.എല്‍.എ, കെ.കെ ഗണേശന്‍, അക്കരപ്പാടം ശശി, എന്‍. അനില്‍ ബിശ്വാസ് (രക്ഷാധികാരികള്‍), പി.സുഗതന്‍ (ചെയര്‍മാന്‍), എം.വൈ ജയകുമാരി, അഡ്വ. രമേഷ് പി.ദാസ്, ലീനമ്മ ഉദയകുമാര്‍ (വൈസ് ചെയര്‍മാന്‍), അഡ്വ. കെ.കെ രഞ്ജിത്ത് (ജനറല്‍ കണ്‍വീനര്‍), പി. ശകുന്തള, ലിജി സലഞ്ച്‌രാജ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.എന്‍ രമേശന്‍, കെ. അരുണന്‍, ജെല്‍ജി വര്‍ഗീസ്, എം.ഡി.ബാബുരാജ്, പി.എസ് പുഷ്‌കരന്‍, വക്കച്ചന്‍ മണ്ണത്താലി, അഡ്വ. രമേഷ് പി ദാസ്, പി.കെ രാജു, ബിജു പറപ്പള്ളില്‍, പി. ശിശുപാലന്‍, യൂ. ബാബു, ജിജി ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."