എണ്ണത്തോണി 'കടല്‍ കടക്കും'
നീലേശ്വരം: 'കടല്‍ കടക്കാന്‍' എണ്ണത്തോണിയൊരുങ്ങി. നീലേശ്വരം വട്ടപ്പൊയിലിലെ പി.ടി ഗോവിന്ദന്‍ ആചാരിയുടെ മേല്‍നോട്ടത്തിലാണു എണ്ണത്തോണിയൊരുക്കിയത്.
ആയുര്‍വേദ ചികിത്സയുടെ ഭാഗമായുള്ള പഞ്ചകര്‍മ ചികിത്സയും ഞവരക്കിഴി, ഇലക്കിഴി, ഉഴിച്ചില്‍, നസ്യം തുടങ്ങിയവയും മരംകൊണ്ടു നിര്‍മിച്ച എണ്ണത്തോണിയില്‍ കിടത്തിയാണു ചെയ്യുന്നത്. ആയുര്‍വേദത്തിനും യോഗയ്ക്കും പ്രചാരമേറിയതോടെ മരത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണിക്കു വിദേശത്തും ആവശ്യക്കാരേറെയായി.
സിംഗപ്പൂരിലേക്കു കയറ്റി അയക്കാനായി ഗോവിന്ദന്‍ ആചാരിയുടെ മേല്‍നോട്ടത്തില്‍ മൂന്നു എണ്ണത്തോണികള്‍ നിര്‍മിച്ചിട്ടുണ്ട്. കാഞ്ഞിര മരമാണു എണ്ണത്തോണിക്കു ഉത്തമമെന്ന് അദ്ദേഹം പറഞ്ഞു.
വേങ്ങ, വേപ്പ് എന്നിവയും ഉപയോഗിക്കാറുണ്ട്. എട്ടര അടി നീളത്തിലും രണ്ടേ മുക്കാല്‍ അടി വീതിയിലും നാലിഞ്ചു കനത്തിലുമാണു ഇതിന്റെ നിര്‍മാണം. എണ്ണ തളം കെട്ടി നിര്‍ത്താനും ഒഴുക്കിക്കളയാനും പുനര്‍വിനിയോഗത്തിനും ഇതില്‍ സംവിധാനങ്ങളുണ്ട്.
പിച്ചളത്തകിട് ഉറപ്പിച്ച കൈപ്പിടികളും സ്റ്റാന്റും ഉള്‍പ്പെടെ 75000 രൂപയോളമാണു ഇതിന്റെ നിര്‍മാണ ചെലവ്. മലേഷ്യ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ ആചാരി പറഞ്ഞു.
സഹായികളായി മക്കളായ സുരേശനും സന്തോഷും ഈ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."