സി.പി.എമ്മിന്റെ അനിഷ്ടം: കണ്ണൂരില്‍ പൊലിസ് തലപ്പത്ത് വീണ്ടും മാറ്റം
കണ്ണൂര്‍: ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവിക്കു മൂന്നാമത്തെ സ്ഥലംമാറ്റം. കഴിഞ്ഞ മാസം നിയമിതനായ കെ.പി ഫിലിപ്പിനെ മാറ്റി ജി. ശിവവിക്രമിനെയാണ് പുതിയ എസ്.പിയായി നിയമിച്ചത്.
നിലവില്‍ വയനാട് എസ്.പിയാണ് ശിവവിക്രം. നിയമസഭാ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുരസ്കാരം വാങ്ങിയ എസ്.പി പി.ഹരിശങ്കറിനായിരുന്നു ആദ്യ സ്ഥലംമാറ്റം. യുവ ഐ.പി.എസ് ഓഫിസറായ സഞ്ജയ് കുമാര്‍ ഗുരുദീനെയായിരുന്നു പകരം നിയമിച്ചത്. അക്രമത്തിനെതിരേ മുഖംനോക്കാതെ നടപടി സ്വീകരിച്ച സഞ്ജയ് കുമാര്‍ സി.പി.എമ്മിന്റെ അനിഷ്ടം ക്ഷണിച്ചുവരുത്തി.
അസോസിയേഷന് സമര്‍പ്പിച്ച സ്ഥലംമാറ്റ ലിസ്റ്റ് അംഗീകരിക്കാത്തതിനെ തുടര്‍ന്നു സി.പി.എം ജില്ലാനേതൃത്വം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും പ്രതിഷേധം അറിയിച്ചിരുന്നു.
പയ്യന്നൂരിലെ ധനരാജ് വധക്കേസില്‍ സഞ്ജയ് കുമാര്‍ യഥാര്‍ഥ പ്രതികളുടെ അറസ്റ്റിനു തടസം നിന്നുവെന്നും പാര്‍ട്ടി നേതൃത്വം പരസ്യമായി ആരോപിച്ചിരുന്നു.
സി.പി.എം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് സഞ്ജയ് കുമാറിനെ മാങ്ങാട്ടുപറമ്പ് കെ.എ.പിയിലേക്കാണ് മാറ്റിയത്. പകരം കെ.എ.പി കമാന്‍ഡന്റായിരുന്ന കെ.പി ഫിലിപ്പിനെ നിയമിക്കുകയായിരുന്നു.
കണ്ണൂരില്‍ തുടരാന്‍ താല്പര്യമില്ലെന്നു ഫിലിപ്പ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ കൊല്ലപ്പെട്ട ധര്‍മടം അണ്ടലൂരിലെ ബി.ജെ.പി പ്രവര്ത്തകന് സന്തോഷ് കുമാറിന്റെ മൃതദേഹം വിലാപയാത്രയായി പ്രധാന വേദിക്കു മുന്നിലൂടെ കൊണ്ടുപോകുന്നതു പൊലിസ് തടയാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.
ഫിലിപ്പിനു കോഴിക്കോട് ട്രാഫിക് എസ്.പിയായാണു പുതിയ നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."