മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ 'ബൂസ് ബസി'ല്‍ കയറ്റും
തിരുവനന്തപുരം: മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ഇനി 'ബൂസ് ബസി'ല്‍ കയറേണ്ടിവരും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ അത്യാധുനിക സംവിധാനമുള്ള ബൂസ് ബസ് വാങ്ങാന്‍ കേരള പൊലിസ് തീരുമാനിച്ചു.
20 ബസുകളാണ് വാങ്ങുക. 19 പൊലിസ് ജില്ലകള്‍ക്കും ഓരോ ബസ് വീതം കൈമാറും. ഒരു ബസ് പൊലിസ് ആസ്ഥാനത്തും ഉപയോഗിക്കും. മൊബൈല്‍ ബ്ലഡ് ലാബോറട്ടറിക്ക് സമാനമായ രീതിയിലാണ് ബൂസ് ബസുകള്‍. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാവശ്യമായ ലാബ് സൗകര്യം ഇത്തരം ബസിലുണ്ടാകും.
ഡിസ്‌പോസിബിള്‍ പരിശോധനാ കിറ്റായിരിക്കും ബസില്‍ ഉപയോഗിക്കുക. പരിശോധനക്ക് ഹാജരാക്കുന്ന വ്യക്തി ഉപയോഗിച്ച മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ അളവ് രേഖപ്പെടുത്തി മിനുട്ടുകള്‍ക്കകം പ്രിന്റഡ് റിപ്പോര്‍ട്ട് ലഭിക്കാനുള്ള സംവിധാനം ഇതിലുണ്ടാകും.
ഒരു ബസിന് 20 ലക്ഷം രൂപയാണ് ചെലവാകുന്നത്. പൊലിസിന്റെ നവീകരണ ഫണ്ടില്‍നിന്ന് ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ അഞ്ചു ബസുകള്‍ ആദ്യം നിരത്തിലിറങ്ങും. അഞ്ചു കോര്‍പറേഷനുകളിലാണ് ആദ്യം ബൂസ് ബസ് നിരത്തിലിറക്കുക.
നിലവില്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിക്കാന്‍ ബ്രീത്ത് അനലൈസറായ ആള്‍ക്കഹോള്‍ മീറ്ററാണ് പൊലിസ് ഉപയോഗിക്കുന്നത്. എന്നാല്‍, ചിലര്‍ ഈ പരിശോധനക്ക് തയാറാകില്ല. ഇത്തരക്കാരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ഹാജരാക്കാറാണ് പതിവ്. ഇവ പലപ്പോഴും പൊലിസും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് കാരണമാകാറുണ്ട്. ബൂസ് ബസ് വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
സംസ്ഥാനത്ത് വാഹനാപകട നിരക്കില്‍ കുറവുണ്ടെങ്കിലും മദ്യപിച്ചുള്ള ഡ്രൈവിങ്ങും അതുവഴിയുള്ള അപകടവും കൂടുന്നുവെന്നാണ് കണ്ടെത്തല്‍. 2016ല്‍ 39,420 വാഹനാപകടങ്ങളിലായി 4,287 പേരാണ് മരിച്ചത്. എന്നാല്‍, 2017ല്‍ അപകടം 38,469 ആയും മരണം 4,035 ആയും കുറഞ്ഞു. അടുത്ത മൂന്നുവര്‍ഷംകൊണ്ട് വാഹനാപകടനിരക്ക് ഇതിലും കുറയ്ക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി പരിശോധന ശക്തമാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
മദ്യപിച്ചും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവരോട് മൃദുസമീപനം പാടില്ലെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."