കുഴിബോംബുകളും തിരകളും കണ്ടെത്തിയ സംഭവം: സൈന്യത്തിന്റെ നടപടിക്രമങ്ങളാല്‍ അന്വേഷണം ഇഴയുന്നു
മലപ്പുറം: കുറ്റിപ്പുറത്തുനിന്ന് കുഴിബോംബുകളും തിരകളും കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം സൈന്യത്തിന്റെ നടപടിക്രമങ്ങളില്‍ തട്ടി ഇഴയുന്നു. സേനയുടെ ആയുധ നിര്‍മാണ ഫാക്ടറികളില്‍ നിന്നും പട്ടാള യൂനിറ്റുകളില്‍ നിന്നും തെളിവെടുക്കുന്ന നടപടികളാണ് അനന്തമായി നീളുന്നത്. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക പൊലിസ് സംഘം കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് ഒരു തുമ്പും സംഘത്തിന് ശേഖരിക്കാനായിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈ.എസ്.പി ജെയ്‌സണ്‍ കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ഓര്‍ഡനനന്‍സ് ഫാക്ടറി, പുല്‍ഗാവോണ്‍ കേന്ദ്ര വെടിക്കോപ്പ് ശാല ( സി.എ.ഡി), പൂനെ ദെഹൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറി എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായെത്തിയത്. സുരക്ഷാ കാരണങ്ങളാലുള്ള നടപടിക്രമങ്ങളാണ് അന്വേഷണം എങ്ങുമെത്താതിരിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
കഴിഞ്ഞ നാലിനാണ്് കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപ്പുഴയില്‍നിന്ന് അഞ്ച് എം.ഐ 8 എ.ഐ ക്ലേമോര്‍ വിഭാഗത്തില്‍പെടുന്ന മൈനുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന്് 11ന് ഇതേ സ്ഥലത്ത് പൊലിസ് നടത്തിയ പരിശോധനയില്‍ സെല്‍ഫ് ലോഡിങ് റൈഫിളിന്റെ (എസ്.എല്‍.ആര്‍) 445 തിരകളും സൈനിക വാഹനങ്ങള്‍ ചതുപ്പില്‍ താഴാതിരിക്കാന്‍ ഉപയോഗിക്കുന്ന പി.എസ്.പി (പിയേഴ്‌സ്് സ്റ്റീല്‍ പ്ലേറ്റ്) എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ബാംബുകളും തിരകളും ഇവിടെ എങ്ങിനെയെത്തിയെന്നുപോലും സ്ഥിരീകരിക്കാന്‍ പൊലിസിനായിട്ടില്ല.
കണ്ടെടുത്ത ബോംബുകള്‍ ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി) പരിശോധിച്ചിരുന്നു. ബോംബുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും ഇന്ത്യന്‍ സേന നിര്‍മിച്ചതാണെന്നും എന്‍.എസ്.ജി കണ്ടെത്തിയിരുന്നു. ഇതിനാലാണ് പൊലിസ് തെളിവ് ശേഖരിക്കാനായി മഹാരാഷ്ട്രയിലെ ആയുധ നിര്‍മാണ ശാലകളിലേക്ക് തിരിച്ചത്. എന്നാല്‍ ആയുധ ഫാക്ടറിയില്‍ നിന്ന് വിവിധ പട്ടാള യൂനിറ്റുകളിലേക്ക് ആയുധങ്ങള്‍ എത്തിയ വഴിയും കുറ്റിപ്പുറത്തെത്താനുള്ള സാഹചര്യമെന്താണെന്നും കണ്ടെത്തുക ഏറെ ദുഷ്‌കരമാണെന്ന് അന്വേഷണ സംഘം തന്നെ പറയുന്നു. ആര്‍മി യൂനിറ്റുകളില്‍നിന്നോ ഓര്‍ഡനന്‍സ് ഫാക്ടറികളില്‍ നിന്നോ ഔദ്യോഗിക രേഖകള്‍ ലഭിക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍പോലും അപേക്ഷ നല്‍കി ആഴ്ചകള്‍തന്നെ കാത്തിരിക്കേണ്ടി വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇവിടെ നിന്ന് രേഖകള്‍ ലഭിച്ചാല്‍ മാത്രമെ ആയുധങ്ങളെക്കുറിച്ച് എന്തെങ്കിലും നിഗമനത്തിലെത്താനാകൂവെന്ന് അന്വേഷണ സംഘത്തലവന്‍ ജെയ്‌സണ്‍ കെ അബ്രഹാം പറഞ്ഞു. അതേസമയം കണ്ടെടുത്ത തിരകള്‍ നിര്‍മിച്ചത് മഹാരാഷ്ട്രയിലെ ഖാട്കി ഓര്‍ഡനന്‍സ് ഫാക്ടറിയിലാണെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ടയിലേതിനൊപ്പം തന്നെ കേരളത്തില്‍ സമാന്തര അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങള്‍ നിര്‍മിച്ച ഫാക്ടറി, വിതരണം ചെയ്ത യൂനിറ്റ്, ഏതു സേനാ വിഭാഗത്തിനാണ് ഉപയോഗിക്കാനായി നല്‍കിയത്, സേനാ വിഭാഗത്തിലെ ആയുധങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തുടങ്ങിയവയാണ് പൊലിസ് പ്രധാനമായും അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."